തൊടുപുഴ: കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത് നശിപ്പിച്ചത് 210 കിലോ പഴകിയ മത്സ്യം. മായം ചേർന്നതെന്ന് സംശയിക്കുന്ന നിരവധി മത്സ്യസാമ്പിളുകൾ ശേഖരിച്ച് വിശദ പരിശോധനക്ക് ലാബിലേക്ക് അയക്കുകയും ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ആദ്യഘട്ടത്തിൽ 8000 രൂപ പിഴചുമത്തുകയും ചെയ്തു.
നെടുങ്കണ്ടം, തൂക്കുപാലം പ്രദേശങ്ങളിൽ മീൻ കഴിച്ച പൂച്ചകൾ ചാകുകയും കറി കഴിച്ചവർക്ക് വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയും ചെയ്തതായി പരാതി ഉയർന്നതിനെത്തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ നിർദേശപ്രകാരമാണ് ഓപറേഷൻ സാഗർ റാണിയുടെ ഭാഗമായി ജില്ലയിലെ മത്സ്യവിൽപന ശാലകളിൽ പരിശോധന ഊർജിതമാക്കിയത്.
തൊടുപുഴ, നെടുങ്കണ്ടം, അടിമാലി മേഖലകളിലായിരുന്നു പരിശോധന. ഭക്ഷ്യയോഗ്യമല്ലെന്ന് തെളിഞ്ഞ കേര, നത്തോലി, വിളമീന്‍, കൊഴുവ തുടങ്ങിയ മത്സ്യങ്ങളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
മൂവാറ്റുപുഴ, പെരുമ്പാവൂർ, മുനമ്പം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ മൊത്തക്കച്ചവട സ്ഥാപനങ്ങളിൽനിന്ന് ജില്ലയിലെ വിൽപനശാലകളിൽ എത്തിച്ച മത്സ്യത്തിനാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ശരിയായ രീതിയിൽ ഐസ് ഉപയോഗിക്കാത്തതിനാൽ പഴകിപ്പോയ മത്സ്യമായിരുന്നു ഇവയിൽ ഏറെയും. എന്നാൽ, പരിശോധനക്കയച്ച സാമ്പിളുകളിലൊന്നും ഫോർമാലിൻ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും പഴക്കം സംഭവിച്ചതാണ് മത്സ്യം ഭക്ഷ്യയോഗ്യമല്ലാതാകാൻ കാരണമെന്നാണ് പരിശോധനഫലം എന്നും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.
രാസവസ്തു ചേർത്തതായി കണ്ടെത്തിയാൽ ബന്ധപ്പെട്ട വ്യാപാരിക്കെതിരെ പ്രോസിക്യൂഷൻ നടപടികളുണ്ടാകും. പരിശോധന തുടങ്ങിയതോടെ ജില്ലയിലേക്ക് ഗുണനിലവാരമില്ലാത്ത മത്സ്യത്തിന്‍റെ വരവ് ഗണ്യമായി കുറഞ്ഞതായും അവർ വ്യക്തമാക്കി.
മാർക്കറ്റുകളിൽ രാത്രികാല പരിശോധനയും ആരംഭിച്ചിട്ടുണ്ട്. അതേസമയം, പൂച്ചകൾ ചത്തത് മീൻ കഴിച്ചിട്ടാണെന്ന് തെളിഞ്ഞിട്ടില്ലെന്നും റെഡ്മീറ്റ് അലർജിയുള്ളവർക്കാണ് പഴകിയ മത്സ്യം കഴിച്ചപ്പോൾ അസ്വസ്ഥതകൾ അനുഭവപ്പെട്ടത് എന്നാണ് ഡോക്ടറുടെ മൊഴിയെന്നുമാണ് ഭക്ഷ്യസുരക്ഷ അധികൃതർ പറയുന്നത്.
റെഡ്മീറ്റ് അലർജിയുള്ളവർക്ക് ശരിയായ ഊഷ്മാവിലല്ലാത്ത മത്സ്യങ്ങൾ കഴിക്കുന്നത് അസ്വസ്ഥതകൾ വർധിപ്പിച്ചേക്കാം എന്നാണ് ആരോഗ്യവിദഗ്ധരും പറയുന്നത്. ഭക്ഷ്യസുരക്ഷ ഓഫിസർമാരായ എം.എൻ. ഷംസിയ, ബൈജു പി.ജോസഫ്, ആൻമേരി ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.