തൊടുപുഴ: വയനാട്ടിൽ മാത്രമല്ല ഇടുക്കിയിലും ആനകളെപ്പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ബി.എൽ റാം സ്വദേശികൾ. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ടിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ബി.എൽ റാം. സംസ്ഥാന അതിർത്തിയിൽ ചിന്നക്കനാൽ പഞ്ചായത്തിലെ ഏറ്റവും അറ്റത്തെ വാർഡാണിത്. പകലും രാത്രിയുമില്ലാതെ മേഖലയിൽ കാട്ടാനകൾ വിഹരിക്കുന്നത് നാടിന്റെ സമാധാനം തകർത്തിരിക്കുകയാണ്. വൈകുന്നേരം കാട്ടിൽനിന്ന് ആനകൾ ജനവാസമേഖലയിലേക്ക് എത്തും. എന്നിട്ട് രാത്രി മുഴുവൻ ബി.എൽ റാം ടൗൺ പരിസരത്ത് വിഹരിക്കും.
തിങ്കളാഴ്ച വൈകിട്ട് ബി.എൽ റാമിൽ മുറിവാലൻ എന്ന കാട്ടാന ജനവാസ മേഖലയിൽ ഭീതി പരത്തിയിരുന്നു. ജനവാസ മേഖലക്ക് അടുത്തായി കാട്ടാനക്കൂട്ടവും തമ്പടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസം ബി.എൽ റാമിൽ കാട്ടാന ഓടിച്ച വീട്ടമ്മക്ക് വീണു പരിക്കേറ്റിരുന്നു. മുൻ പഞ്ചായത്തംഗം കൂടിയായ പാൽത്തായിക്കാണ് (42) പരിക്കേറ്റത്. ജീവഭയത്തോടെയാണ് തൊഴിലാളികൾ തോട്ടത്തിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ മാസമാണ് ബി.എൽ റാമിൽവെച്ച് കർഷകനായ സൗന്ദർരാജനെ ചക്കക്കൊമ്പൻ ചവിട്ടിക്കൊന്നത്.
ആനശല്യം രൂക്ഷമായതോടെ തമിഴ്നാട്ടിൽനിന്ന് ഇവിടെ ജോലിക്കെത്തുന്നവരുടെ എണ്ണം കുറയുകയാണ്. നിരന്തരമായി ആനയാക്രമണം ഉണ്ടായിട്ടും അധികൃതരുടെ ശ്രദ്ധ ഇവിടേക്ക് എത്തുന്നില്ല. പ്രദേശത്തെ ഏലക്കൃഷിയടക്കമാണ് ആനകൾ നശിപ്പിക്കുന്നത്. കൃഷി ഉപജീവനമായവർക്ക് ഇതുണ്ടാക്കുന്ന നഷ്ടം വലുതാണ്. ജീവൻ പണയംവച്ച് പടക്കം പൊട്ടിക്കുകയോ ഉച്ചത്തിൽ വിളിച്ച് ആനയെ തുരത്തുകയോ ചെയ്യുന്നതു മാത്രമാണ് പ്രതിരോധം. ജനങ്ങൾ രാത്രി പേടിയോടെയാണ് പുറത്തിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.