തൊടുപുഴ: കോവിഡ് വാക്സിന്റെ കുപ്പിയിലും പ്രമേഹബാധിതയായ അമ്മയുടെ ഒഴിഞ്ഞ ഇൻസുലിൻ കുപ്പിയിലും മിനിയേച്ചർ കലാസൃഷ്ടികൾ കൊണ്ട് വിസ്മയമൊരുക്കുകയാണ് ശ്രുതി. വെറും നാല് സെന്റിമീറ്റർ ഉയരവും 1.9 സെന്റിമീറ്റർ വ്യാസവുമുള്ള കുപ്പിയിൽ ഒരുക്കിയ ഗിറ്റാർ, വയലിൻ, കീബോർഡ്, തംബുരു, തബല, വീണ തുടങ്ങി 13 സംഗീത ഉപകരണങ്ങളുടെ ചെറുപതിപ്പാണ് ഇതിൽ ഹിറ്റായത്. തൊടുപുഴ കരിങ്കുന്നം പാമ്പറയിൽ ദിപിന്റെ ഭാര്യയായ ശ്രുതി (30) ആദ്യ ലോക്ഡൗൺ കാലത്താണ് ബോട്ടിൽ ആർട്ടിലേക്ക് തിരിയുന്നത്.
ഇൻസുലിൻ കുപ്പികളിൽ ഒരു കൗതുകമായാണ് മിനിയേച്ചർ രൂപങ്ങൾ ചെയ്തുതുടങ്ങിയത്. 0.7 മില്ലി മീറ്ററാണ് കുപ്പിയുടെ വാവട്ടത്തിനുള്ളത്. കലാരൂപം പൂർണമായി നിർമിച്ചശേഷം ഉള്ളിലേക്ക് കടത്താനാവാത്തതിനാൽ അതിന് കഴിയുന്ന വലിപ്പത്തിലുള്ളത് കുപ്പിക്കുള്ളിലാക്കിയശേഷം ബാക്കിഭാഗം നിർമിച്ച് ഒട്ടിച്ചുചേർക്കുകയാണ് ചെയ്യുന്നത്.
കുപ്പിക്കുള്ളിൽ ബാക്കി ജോലി ചെയ്യും. ഇതിനായി ചെറുസൂചികളൊക്കെയാണ് ഉപയോഗിക്കുന്നത്. പൂക്കൾ, വാദ്യോപകരണങ്ങൾ തുടങ്ങി അമ്പതോളം മിനിയേച്ചറുകൾ ശ്രുതി ഇങ്ങനെ കുപ്പികളിൽ ഒരുക്കിയിട്ടുണ്ട്. അടുത്തിടെ കോവിഡ് പ്രതിരോധ വാക്സിനെടുക്കാൻ ആരോഗ്യകേന്ദ്രം പോയപ്പോഴാണ് ഇൻസുലിൻ കുപ്പികളെക്കാൾ ചെറിയ വാക്സിൻ കുപ്പികൾ ശ്രദ്ധയിൽപ്പെട്ടത്. നഴ്സുമാരോട് ചോദിച്ച് ഒഴിഞ്ഞ കുപ്പികൾ കുറച്ച് സ്വന്തമാക്കി. നഴ്സായ സഹോദരിയും സഹായിച്ചു.
ഇപ്പോൾ കോവിഡ് വാക്സിന്റെ കുപ്പിയിൽ മിനിയേച്ചറുകൾ നിർമിക്കുകയാണ് ശ്രുതി. ആദ്യമൊക്കെ പൂക്കളും മത്സ്യങ്ങളുമൊക്കെയായി ചെറുരൂപങ്ങളാണ് ഉണ്ടാക്കിയിരുന്നത്. ഒരു വ്യത്യസ്തത വേണമെന്ന തോന്നലിലാണ് 13 സംഗീത ഉപകരണങ്ങൾ ഒരു കുപ്പിയിലാക്കാൻ തീരുമാനിച്ചത്. സൃഷ്ടികളുടെ യൂനീക് ക്രാഫ്റ്റ് സ്റ്റുഡിയോ എന്ന ഇൻസ്റ്റഗ്രാം പേജിൽ ശ്രുതി പോസ്റ്റ് ചെയ്യുന്നതിനും കാഴ്ചക്കാരേറെയുണ്ട്. ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ട് നിരവധിപേർ പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാനായി ഇവ വാങ്ങുന്നുണ്ട്. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രുതി ആസാപ്പ് ട്രെയിനറാണ്. അടുത്തിടെ മിനിയേച്ചർ നിർമിച്ചതുമായി ബന്ധപ്പെട്ട് പുരസ്കാരങ്ങളും ശ്രുതിയെ തേടിയെത്തി. ഭർത്താവ് ദിപിൻ പ്രോത്സാഹനവുമായി ഒപ്പമുണ്ട്. മക്കൾ മൂന്ന് വയസ്സുള്ള ദക്ഷയും ഒന്നര വയസ്സുള്ള ശിവദവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.