തൊടുപുഴ: ബി.ജെ.പി ജില്ല ഘടകത്തിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. തൊടുപുഴ നഗരസഭ അധ്യക്ഷക്കെതിരായ അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത നാല് കൗൺസിലർമാരെ പുറത്താക്കിയതിന് പിന്നാലെയാണ് ഇടുക്കി നോർത്ത് ജില്ല കമ്മിറ്റിയിലെ ഓഫിസ് പോരും ജാതി പരാമർശങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നേരത്തേ ഇടുക്കി സൗത്ത് ജില്ല പ്രസിഡന്റിനെ നിയമിച്ചതിനെച്ചൊല്ലിയും പാർട്ടിയിൽ വിമർശനങ്ങളുണ്ടായിരുന്നു. ശിവരാത്രിയുടെ തലേദിവസം തൊടുപുഴ നഗരസഭ അധ്യക്ഷയെ ബി.ജെ.പി മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞ സംഭവം പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ഭിന്നിപ്പിനും സമൂഹ മാധ്യമങ്ങളിൽ ഏറ്റുമുട്ടലിനും കാരണമായിരുന്നു.
ബി.ജെ.പി നേതാവിന്റെ നടപടി ശരിയായില്ലെന്ന് മുൻ നഗരസഭ കൗൺസിലർ ഫേസ്ബുക്ക് കമന്റ് ഇടുകയും ചെയ്തു. ജില്ലയെ രണ്ടായി വിഭജിച്ച് രണ്ട് ജില്ല കമ്മിറ്റികൾ ഉണ്ടാക്കി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് തുടർ വിവാദങ്ങൾ.
ഏറ്റവും അവസാനമായി ഇടുക്കി നോർത്ത് ജില്ല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.പി. സാനുവിന് മുൻ പ്രസിഡന്റ് ഓഫിസിന്റെ താക്കോൽ കൈമാറിയില്ലെന്ന ആക്ഷേപമാണ് ഉയർന്നത്. ജാതി പ്രശ്നം കാരണം പി.പി. സാനുവിനെ അംഗീകരിക്കാതെ ഓഫിസ് പൂട്ടി താക്കോൽ കെട്ടിട ഉടമയെ ഏൽപിച്ചുവെന്നാണ് പ്രചരിക്കുന്നത്. ഓഫിസ് പ്രവർത്തനം സംബന്ധിച്ചും നേതാക്കൾ പ്രതികരിക്കുന്നില്ല. നേരത്തേ ശിവരാത്രിയുടെ തലേദിവസം നഗരസഭാധ്യക്ഷയെ കാഞ്ഞിരമറ്റത്ത് തടഞ്ഞ സംഭവങ്ങളുടെ തുടർച്ചയായാണ് വിപ്പ് ലംഘനമുണ്ടായതെന്ന് ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ പറയുന്നു. തങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുത്ത അധ്യക്ഷയെയും സി.പി.എമ്മിനെയും അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് വിപ്പ് ലംഘിച്ചും വോട്ട് ചെയ്യേണ്ടി വന്നതെന്നും പറയുന്നു. അതേസമയം, നേതൃത്വത്തെ ധിക്കരിക്കുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തെങ്കിലും ഇടതുപക്ഷത്തെ പുറത്താക്കാനായി എന്നാണ് കൗൺസിലർമാരിൽ ഒരാൾ പറഞ്ഞത്. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ തിരിച്ചെത്തുമെന്നും അവർ പറയുന്നു.
ഇടുക്കി, ഉടുമ്പൻചോല, പീരുമേട് നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ഇടുക്കി സൗത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തപ്പോഴും വിവാദമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സന്തോഷ് കുമാർ, രണ്ടാമതെത്തിയ കെ. കുമാർ എന്നിവരെ മറികടന്ന് ഒരു വോട്ട് മാത്രം നേടിയ വി.സി. വർഗീസിനെ പ്രസിഡന്റായി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചത് വലിയൊരു വിഭാഗം നേതാക്കളിലും പ്രവർത്തകരിലും എതിർപ്പുണ്ടാക്കിയിരുന്നു. ഈ വിഷയങ്ങൾ പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇടുക്കി നോർത്ത് ജില്ല പ്രസിഡന്റിനെ അപമാനിക്കുന്ന രീതിയിൽ മുൻ പ്രസിഡന്റ് പെരുമാറിയെന്ന പ്രചാരണം ശക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.