തൊടുപുഴ: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്. കൈക്കൂലിക്കേസിൽ പ്രതിയായതോടെ സി.പി.എം രാജി ആവശ്യപ്പെട്ടെങ്കിലും സനീഷ് ജോർജ് വഴങ്ങിയിട്ടില്ല. ചൊവ്വാഴ്ച രാജിവെക്കുമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ച ചെയർമാൻ നഗരസഭയിൽ എത്തിയിട്ടില്ല. രണ്ടു ദിവസമായി ചെയർമാന്റെ ഔദ്യോഗിക നമ്പർ ഓഫാണ്. തെറ്റ് ചെയ്യാത്ത താൻ എന്തിന് രാജിവെക്കണമെന്നാണ് ചെയർമാൻ ചോദിക്കുന്നത്. കൈക്കൂലി ആരോപണം നേരിടുന്ന ചെയര്മാന് തൽക്കാലം മാറി നിന്ന് അന്വേഷണം നേരിടണമെന്നതാണ് സി.പി.എം. നിലപാട്. അതുകൊണ്ടാണ് ചെയര്‍മാനോട് രാജിവെക്കാന്‍ സി.പി.എം ആവശ്യപ്പെട്ടതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. തൊടുപുഴയിലെ സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഒരുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയാണ് അസിസ്റ്റന്റ് എൻജിനീയർ സി.ടി അജിയെയും ഇടനിലക്കാരൻ റോഷനെയും വിജിലൻസ് പിടികൂടിയത്.
നഗരസഭാ ചെയർമാൻ സനീഷ് ജോർജ് കേസിലെ രണ്ടാം പ്രതിയാണ്. വിജിലൻസ് കേസെടുത്തതിന് പിന്നാലെ വിശദീകരണം തേടിയ സി.പി.എം ജില്ല നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും സനീഷ് ജോർജ് വഴങ്ങിയിട്ടില്ല. ആദ്യം രാജി സന്നദ്ധത അറിയിച്ച ചെയർമാൻ പിന്നീട് മലക്കം മറിഞ്ഞത് പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്നാണ് സൂചനയും ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോര്‍ജിനെയും മുസ്ലിം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേര്‍ത്താണ് എൽ.ഡി.എഫ് നഗരസഭ ഭരണം പിടിച്ചത്. ജെസി ജോണിയെ പിന്നീട് കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയിരുന്നു. 35 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് 14ഉം യു.ഡി.എഫിന് 12ഉം ബി.ജെ.പിക്ക് എട്ടും അംഗങ്ങളാണ് നിലവിലുള്ളത്.
തൊടുപുഴ: മുനിസിപ്പൽ ചെയർമാന്റെ രാജി സി.പി.എം ആവശ്യപ്പെടുന്നതും രാജി സമർപ്പിക്കാൻ ചെയർമാൻ തയാറാവാത്തതും ഒത്തുകളിയാണെന്ന് യു.ഡി.എഫ് തൊടുപുഴ നിയോജകമണ്ഡലം കൺവീനർ എൻ. ഐ. ബെന്നി, ചെയർമാൻ എ.എം. ഹാരിദ്, സെക്രട്ടറി അഡ്വ. ജോസി ജേക്കബ് എന്നിവർ ആരോപിച്ചു. മുനിസിപ്പൽ ചെയർമാന് എതിരെ അഴിമതി കേസ് വന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടാണ് സി.പി.എം രാജിയെക്കുറിച്ച് ആലോചിച്ചത്. എന്നാൽ, മുനിസിപ്പൽ ചെയർമാൻ രാജിവെക്കാൻ നിർദേശം നൽകിയെന്ന് പറയുന്ന സി.പി.എം മറ്റൊരു അഴിമതി കേസിൽ ഉൾപ്പെട്ട അർബൻ ബാങ്ക് ചെയർമാൻ വി.വി മത്തായിയെ സംരക്ഷിക്കുകയാണ്.
ഇത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. മുനിസിപ്പൽ ചെയർമാൻ കോഴ നൽകാൻ പ്രേരിപ്പിച്ചു എന്നതാണ് കേസ്. മത്തായിയുടെ അക്കൗണ്ടിലേക്ക് നിയമവിരുദ്ധമായി എട്ട് ലക്ഷം രൂപ കൈമാറി എന്നതാണ് അദ്ദേഹത്തിന് എതിരെയുള്ള കേസ്. എന്നിട്ടും സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗമായ മത്തായിയെ സംരക്ഷിക്കുന്ന നയമാണ് സ്വീകരിച്ചതെന്നും അവർ ആരോപിച്ചു. ചെയർമാൻ പദവി സി.പി.എം സാമ്പത്തിക ഉയർച്ചയ്ക്ക് ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. മുനിസിപ്പൽ ചെയർമാൻ സി.പി.എമ്മിന് നൽകി എന്ന് പറയുന്ന പണം സംബന്ധിച്ചും അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.