തൊടുപുഴ: മണ്ഡലകാല സാഹചര്യത്തിൽ ജില്ലയിൽ ഭക്ഷ്യസുരക്ഷവകുപ്പ് പരിശോധന കർശനമാക്കി. ബേക്കറികൾ, ഹോട്ടലുകൾ, ചിപ്സ് കടകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് പരിശോധന. രണ്ട് ദിവസങ്ങളിലായി കുമളി, വണ്ടിപ്പെരിയാർ, കുട്ടിക്കാനം മേഖലകളിലെ 35 കടയിൽ പരിശോധന നടത്തി.
ചിപ്സ് തയാറാക്കി നൽകുന്ന ആറുകടയിൽനിന്ന് ഉപയോഗശൂന്യമായ എണ്ണ പിടികൂടി. മൊബൈൽ ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന. കടകൾക്ക് പിഴ അടക്കാൻ നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ ഇല്ലാത്ത കടകൾക്കും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കുമാണ് പിഴ ചുമത്തിയത്. പീരുമേട് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. എം. മിഥുന്റെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡാണ് പകലും രാത്രിയുമായി പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ, റവന്യൂ, ലീഗൽ മെട്രോളജി, ആരോഗ്യവകുപ്പ് എന്നിവയുടെ സ്ക്വാഡുകളും പരിശോധന ആരംഭിച്ചിട്ടുണ്ട്.
തീർഥാടകരെ ലക്ഷ്യമിട്ട് ഒട്ടേറെ താൽക്കാലിക കടകളാണ് കുമളി, വണ്ടിപ്പെരിയാർ മേഖലകളിൽ പ്രവർത്തിക്കുന്നത്. ചിപ്സ്, ഹൽവ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് വിൽപനക്കുള്ളത്. മതിയായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവയിൽ പലതും പ്രവർത്തിക്കുന്നതെന്നും ആക്ഷേപം നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.