തൊടുപുഴ: ജില്ലയിലെ ടൂറിസം മേഖലക്കും കെ.എസ്.ആർ.ടി.സിക്കും ഊർജം പകർന്ന് ബജറ്റ് ടൂറിസം. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കുറഞ്ഞ ചെലവിൽ ഒരുക്കുന്ന ആനവണ്ടി യാത്ര ഇപ്പോൾ കെ.എസ്.ആർ.ടി.സിക്ക് ജില്ലയിൽ മികച്ച വരുമാനം നൽകുകയാണ്.
ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ട്രിപ്പുകൾ ഒരുക്കിയിട്ടുള്ളത്. രാവിലെ ആറുമണിക്ക് ആരംഭിക്കുന്ന സവാരി രാത്രി 10 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് സര്‍വിസ് നടത്തുന്നത്. നീലക്കുറിഞ്ഞി മലനിരകളിലേക്ക് ഉൾപ്പെടെ സഞ്ചാരികളുടെ ഒഴുക്കുള്ളതിനാൽ വലിയ പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി തൊടുപുഴ, മൂന്നാർ ഡിപ്പോകളിൽനിന്ന് ബജറ്റ് ടൂറിസത്തിന് മികച്ച വരുമാനമാണ് ലഭിക്കുന്നത്. തൊടുപുഴ ഡിപ്പോയിൽനിന്ന് മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 21ഓളം സർവിസുകളിൽനിന്ന് ആറുലക്ഷം രൂപയോളം വരുമാനം നേടിയിരുന്നു.
സർവിസുകൾ വിജയമായതോടെ ജില്ലയിലെ മറ്റ് ഡിപ്പോകളിലേക്കും ബജറ്റ് ടൂറിസം വ്യാപിപ്പിക്കാനും ആലോചനയുണ്ട്.
അവധി ദിവസങ്ങളായ 22 മുതൽ 24 വരെ ജില്ലയിൽ ശാന്തമ്പാറ, ഉടുമ്പൻചോല എന്നിവിടങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി ചെയിൻ സർവിസുകളും ആരംഭിച്ചിട്ടുണ്ട്.
ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് ഉൾപ്പെടെ ഇടുക്കിയിലേക്ക് നിരവധി ട്രിപ്പുകളുണ്ടായി.
കൂത്താട്ടുകുളം, കോതമംഗലം, ചാലക്കുടി ഡിപ്പോകളിൽനിന്ന് ഇടുക്കിയിലേക്ക് ട്രിപ്പുകൾ എത്തുന്നുണ്ട്. ശരാശരി 950 രൂപ വരെയാണ് ഒരാള്‍ക്ക് ചെലവാകുന്ന തുക. ശനിയാഴ്ച മുതൽ 24വരെ അവധി ദിവസങ്ങളിൽ നീലക്കുറിഞ്ഞി കാണാൻ ശാന്തൻപാറ, ഉടുമ്പൻചോല എന്നിവിടങ്ങിൽനിന്ന് ചെയിൻ സർവിസും ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
സഞ്ചാരികൾ ഒഴുകുന്നു; കോരിത്തരിച്ച് ഇടുക്കി
തൊടുപുഴ: ദീപാവലി അവധിയോട് അനുബന്ധിച്ച് ഇടുക്കി കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുന്നു. പൂജ അവധിയോടനുബന്ധിച്ചുള്ള തിരക്കുകൾക്ക് ശേഷം മൂന്നാറിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്നത് ദീപാവലിക്കാണ്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിലെ 95 ശതമാനം ഹോട്ടലുകളിലും റൂമുകൾ മുൻകൂട്ടി ബുക്കിങ് ആയിക്കഴിഞ്ഞു. തടാകത്തിൽ ബോട്ടിങ്ങിനായി എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. തേക്കടിയിൽനിന്ന് 40 കിലോമീറ്റർ അകലെ പ്രധാന ഹിൽ സ്റ്റേഷനായ രാമക്കൽമേടും ദീപാവലി ദിനങ്ങളെ വരവേൽക്കാൻ ഒരുങ്ങിയിട്ടുണ്ട്.
കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി കാണാൻ എത്തുന്നവർ ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങൾകൂടി സന്ദർശിച്ച് മടങ്ങുന്നത് ടൂറിസം മേഖലക്കാകെ ഉണർവേകുന്നുണ്ട്. ഓണം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് തുറന്ന ഇടുക്കി അണക്കെട്ടിലേക്കും സഞ്ചാരികൾ എത്തുന്നുണ്ട്. നവംബർ നാലുവരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെടുമെന്നാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്. തദ്ദേശീയരായ സഞ്ചാരികളെ കൂടാതെ ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് സഞ്ചാരികൾ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.