തൊടുപുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ അവശേഷിക്കുന്നത് ഇനി രണ്ടു നാൾ കൂടി. ബുധനാഴ്ച വൈകുന്നേരം നടക്കുന്ന കലാശക്കൊട്ട് കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍. യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ബുധനാഴ്ചത്തെ പര്യടനം പൂർത്തിയാക്കി തൊടുപുഴയിലാണ് കൊട്ടിക്കലാശം നിശ്ചയിച്ചിരിക്കുന്നത്. കാഞ്ചിയാർ കട്ടപ്പന എന്നിവിടങ്ങളിലെത്തി കോതമംഗലം, മുവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്ന് വൈകുന്നേരത്തോടെയാകും തൊടുപുഴയിലെത്തുക. എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ പ്രചാരണ പരിപാടിയുടെ കൊട്ടിക്കലാശം കട്ടപ്പനയിൽ നടക്കും.
ബുധനാഴ്ച ഉച്ചക്ക് 2.20 ന് ചെറുതോണിയിൽ നിന്ന് റോഡ് ഷോ സി.പി.എം ജില്ല സെക്രട്ടറി സി.വി വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ഇടുക്കി, മരിയാപുരം തങ്കമണി വഴി നാല് മണിയോടെ കട്ടപ്പനയിലെത്തും. ഇടുക്കി കവലയിൽ നിന്ന് കലാശക്കൊട്ട് ആരംഭിക്കും. വൈകിട്ട് ആറ് വരെ കലാശക്കൊട്ട് നടക്കും. എൻ.ഡി.എ സ്ഥാനാർഥി സംഗീത വിശ്വനാഥന്റെ പ്രചാരണ പരിപാടിയുടെ സമാപനവും കൊട്ടിക്കലാശവും തൊടുപുഴയിലാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ ഇടുക്കിയിൽ നിന്നാണ് പ്രചാരണം ആരംഭിക്കുക. താളമേളങ്ങളുടെ അകമ്പടിയോടെയായിരിക്കും വിവിധ കേന്ദ്രങ്ങളില്‍ കലാശക്കൊട്ട്. ഇത്തവണ കലാശക്കൊട്ട് ശക്തിപ്രകടനമാക്കി മാറ്റാനായിരിക്കും മൂന്നു മുന്നണികളുടെയും ശ്രമം.
ശബ്ദ പ്രചാരണം ബുധനാഴ്ച അവസാനിക്കാനിരിക്കെ പരമാവധി സ്ഥലങ്ങളില്‍ ഓടിയെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. മുന്നണികളുടെ വാഗ്ദാനങ്ങളും സ്ഥാനാര്‍ഥികളുടെ അപദാനങ്ങളും വിളിച്ചറിയിച്ചുള്ള അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ നാടിന്റെ മുക്കിലും മൂലയിലും കറങ്ങുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിയന്ത്രണമുള്ളതിനാല്‍ പ്രചാരണ വാഹനങ്ങളുടെ എണ്ണത്തില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ കുറവുണ്ടായി. കൊട്ടിക്കലാശം നടക്കുന്ന സ്ഥലങ്ങളിൽ പൊലീസ് സേനയും ഉണ്ടാകും. പരസ്യ പ്രചാരണം ബുധനാഴ്ച വൈകീട്ട് ആറോടെ അവസാനിച്ച് കഴിഞ്ഞാൽ അതിനു ശേഷം പൊതു യോഗങ്ങൾ, പ്രകടനങ്ങൾ എന്നിവ നടത്താൻ പാടില്ല. വ്യാഴാഴ്ച നിശബ്ദ പ്രചാരണമാണ്.
ഏപ്രിൽ 26 വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് ഫല പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന 48 മണിക്കൂറിൽ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ കർശനമായി നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.