മങ്ങാട്ടുകവല ബസ്​സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്

എന്ന് തുറക്കും മങ്ങാട്ടുകവല ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ്

തൊടുപുഴ: 10 കോടിയോളം മുടക്കി രണ്ട് വർഷം മുമ്പ് പണിപൂർത്തിയാക്കിയ മങ്ങാട്ടുകവല നഗരസഭ ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് അനാഥം. മൂന്ന് നിലയിലായി നിർമിച്ചിരിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ അത്യാവശ്യ പണികൾ പൂർത്തീകരിക്കാത്തതാണ് പ്രവർത്തനം തുടങ്ങാൻ തടസ്സം.

ഇതിനായി രണ്ട് കോടി ഇനിയും ആവശ്യമായി വരുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മുറ്റം ടൈൽ വിരിക്കൽ, ചുറ്റുമുള്ള പി.ഡബ്ല്യു.ഡി ഓടകൾ മൂടുന്നതുമടക്കമുള്ള ജോലികളാണ് പൂർത്തീകരിക്കാനുള്ളത്.

മൂന്ന് നിലയിലായി പണിതിരിക്കുന്ന കെട്ടിടത്തിന്‍റെ അടിനിലയിൽ മാത്രം 42 മുറികളുണ്ട്. വിവിധ സ്ഥാപനങ്ങളുടെ ആവശ്യം അനുസരിച്ച് തിരിച്ച് നൽകാനാണ് പദ്ധതി.

നിലവിൽ എട്ട് മുറി മാത്രമാണ് ലേലത്തിൽ പോയിട്ടുള്ളത്. സെക്യൂരിറ്റി ഡെപ്പോസിറ്റും അമിത വാടകയും കാരണമാണ് ലേലത്തിനും മറ്റും ആരും പങ്കെടുക്കാത്തതെന്ന് ആക്ഷേപമുണ്ട്. നേരത്തേ ഇവിടെ പൊലീസിന്‍റെ പഞ്ചിങ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ അതും നിലച്ചു.

സാമൂഹിക വിരുദ്ധരുടെ ശല്യവും ഇവിടെ വർധിച്ചിട്ടുണ്ട്. മുൻ യു.ഡി.എഫ് കൗൺസിലിന്റെ കാലത്ത് കെട്ടിടം പണിത് ഉദ്ഘാടനം നടത്തിയെങ്കിലും അത്യാവശ്യജോലികൾ പൂർത്തിയാക്കാതെ ആയിരുന്നു ഇത്.

വായ്പയെടുത്ത് കോടികൾ മുടക്കി നിർമിച്ച കെട്ടിടം പണി പൂർത്തിയാക്കി തുറന്നു കൊടുക്കാൻ കഴിയാത്തതിനാൽ നഗരസഭക്ക് വൻ തുക പലിശ ഇനത്തിൽ നഷ്ടമാകുന്നുണ്ട്.

ഇപ്പോൾ കെട്ടിടത്തിന് ചുറ്റിലും ലോറികളും മറ്റ് സ്വകാര്യ വാഹനങ്ങളും പാർക്ക് ചെയ്യുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് ബസ്സ്റ്റാൻഡ്. അതേസമയം, രണ്ട് മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാൻ കഴിയുമെന്നും സെക്യൂരിറ്റി ഡെപ്പോസിറ്റും വാടകയും കുറക്കുന്ന കാര്യത്തിൽ പ്രത്യേക കൗൺസിൽ വിളിച്ച് വിഷയം ചർച്ച ചെയ്യുമെന്നും നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.

Tags:    
News Summary - Mangatukkavala Bus Stand Shopping Complex when will be opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.