തൊടുപുഴ: അവധിക്കാലമല്ലേ, ഒന്ന് കറങ്ങി വരാമെന്ന് കരുതി വാഹനമെടുത്തിറങ്ങുന്ന കുട്ടി ഡ്രൈവർമാർ ഒന്ന് സൂക്ഷിക്കണം. ഇനി പിടിക്കപ്പെട്ടാൽ ഡ്രൈവിങ് ലൈസൻസിന് 25 വയസ്സുവരെ കാത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് കാര്യങ്ങൾ. മധ്യവേനൽ അവധിക്കായി സ്കൂളുകൾ അടക്കുന്നതിനാൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുതിർന്ന സുഹൃത്തുക്കളുടെയുമൊക്കെ പേരിലുള്ള വാഹനവുമായി കുട്ടി ഡ്രൈവർമാർ റോഡിലിറങ്ങാൻ സാധ്യത കൂടുന്നതിനാലാണ് ഈ മുന്നറിയിപ്പ്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയമലംഘനം നടത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഷനും ഒരുവർഷത്തേക്ക് റദ്ദാക്കും. രക്ഷിതാവിന് പരമാവധി മൂന്നുവർഷം വരെ തടവും 25,000 രൂപവരെ പിഴയും ലഭിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. മറ്റു വാഹനയാത്രക്കാര്ക്കടക്കം ഭീഷണിയാകുന്ന തരത്തിൽ കുട്ടി ഡ്രൈവര്‍മാര്‍ ജില്ലയിലെ ഗ്രാമങ്ങളിലടക്കം കൂടി വരികയാണ്. ഇരുചക്രവാഹനങ്ങളും കാറും ഓട്ടോറിക്ഷയും അടക്കമുള്ളവയുമാണ് കുട്ടികള്‍ നിരത്തിലിറങ്ങുന്നത്.
ഹൈറേഞ്ചില്‍ ഇതിന് അൽപം കുറവുണ്ടെങ്കിലും തീരെ പിന്നിലല്ല. കണക്കുകള്‍ നോക്കുമ്പോള്‍ വാഹനപ്പെരുപ്പം ലോറേഞ്ചില്‍ ഹൈറേഞ്ചിനേക്കാളും കൂടുതലാകുന്നതാണ് ഇതിന് കാരണം. പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന പരിശോധനകളില്‍ ലൈസന്‍സില്ലാതെ പിടിച്ചാല്‍ വീട്ടുകാരെ വിളിച്ചുവരുത്തി താക്കീത് നല്കി പിഴ അടപ്പിച്ച് വിടുകയാണ് ചെയ്യുന്നത്. കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഇരിക്കെയാണ് ഇത്തരം നിയമലംഘനം ഏറുന്നത് എന്നതാണ് വസ്തുത. മുമ്പുണ്ടായിരുന്ന പിഴ വന്‍തോതില്‍ കൂട്ടിയിട്ടും ലൈസന്‍സ്, ട്രിപ്പിള്‍സ് എന്നിങ്ങനെയുള്ള നിയമലംഘനം കുറയുന്നില്ലെന്ന് പൊലീസും മോട്ടോര്‍വാഹന വകുപ്പും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.