തൊടുപുഴ: പ്രായവും ശാരീരിക പ്രശ്നങ്ങളും തടിപ്പണിക്ക് തടസ്സമായപ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഹരിതകർമ സേന അംഗമാവുകയായിരുന്നു മുണ്ടന്മുടി അങ്കംപത്തിൽ സലീം. ഓരോ വീട്ടിലെയും പാഴ്വസ്തുക്കൾ ശേഖരിച്ച് സേവനത്തിന്റെ മുഖവും ഗ്രാമീണ ജീവിതത്തിന്റെ ഭാഗവുമായി ഈ 60കാരൻ. പ്രമുഖ ടൂറിസം കേന്ദ്രമായ ആനചാടിക്കുത്ത് അടക്കമുള്ള ഇടങ്ങളും ആറാം വാർഡ് ആകെയും വൃത്തിയായി. ജില്ലയിലെ ഏക പുരുഷ ഹരിതകർമ സേനാംഗമാണ് സലീം.
വണ്ണപ്പുറം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ യൂസർഫീ ലഭിക്കുന്ന വാർഡാണ് സലീമിന്റേത്. വാർഡിലെ എല്ലാ വീട്ടുകാരും കടകളും യൂസർഫീ നൽകി പാഴ്വസ്തുക്കൾ സലീമിന് കൈമാറുന്നു.
പ്രതിമാസം 15,000 രൂപയാണ് വരുമാനം. ഇതാണ് ഉമ്മയും ബാപ്പയും ഭാര്യയുമടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. മോട്ടോർ സൈക്കിളിലാണ് സലീം വീടുകളിലെത്തുന്നത്. കാടും മലയുമൊക്കെയായതിനാൽ 15-18 ദിവസം വേണം എല്ലാ വീട്ടിലുമെത്താൻ. പാഴ്വസ്തുക്കൾ ചെറുതും വലുതുമായ ചാക്കിലും കവറിലുമാക്കി ബൈക്കിൽ പ്രത്യേകം സജ്ജമാക്കിയ കൊളുത്തിൽ തൂക്കിയിടുന്നു. 40ഓളം കവർ ഇങ്ങനെ കൊണ്ടുപോകാം. അവ ആദ്യം മിനി എം.സി.എഫിലും പിന്നീട് തരംതിരിച്ച് പ്രധാന സംഭരണ കേന്ദ്രത്തിലുമെത്തിക്കും.
ഹരിതകർമ സേനയാകാൻ സ്ത്രീകൾ വിമുഖത കാട്ടിയതോടെ വാർഡിലെ പാഴ്വസ്തു നീക്കം പ്രതിസന്ധിയിലായി. നൂറുകണക്കിന് ടൂറിസ്റ്റുകൾ എത്തിയിരുന്ന ആനചാടികുത്തിലാകെ മാലിന്യം കുമിഞ്ഞു. ഹരിതകർമ സേന ഇല്ലാത്തതിനാൽ വീട്ടുകാരും പരാതിപ്പെട്ടു. ഈ സാഹചര്യത്തിലാണ് വാർഡ് അംഗം പി.ജി. സുരേന്ദ്രൻ രണ്ട് പുരുഷന്മാരെ പരീക്ഷിച്ചത്. രണ്ടാമൻ സർക്കാർ ജോലി കിട്ടി പോയതോടെ സലീമായി വാർഡിലെ ഹരിതനായകൻ. സലീമിന്റെ സാന്നിധ്യം വലിയ മാറ്റമാണ് ആനചാടികുത്തിലുണ്ടാക്കിയതെന്ന് പരിസരവാസികൾ സാക്ഷ്യപ്പെടുത്തുന്നു. 34 പേരുള്ള ഹരിതകർമ സേന കൺസോർട്യത്തിലെ അംഗമാണ് സലീം. എല്ലാ പരിശീലന പരിപാടിയിലും യോഗത്തിലും കൃത്യമായി പങ്കെടുക്കുമെന്ന് കൺസോർട്യം പ്രസിഡന്റ് ലിറ്റി പറഞ്ഞു. ഒരു പരിപാടിയിൽനിന്നും സലീം മാറിനിൽക്കാറില്ല. ഏതു ജോലിയും നിറഞ്ഞ മനസ്സോടെ ചെയ്യുന്നതാണ് സന്തോഷമെന്ന് സലീം പറഞ്ഞു. തുടക്കത്തിൽ മടികാട്ടിയ ആളുകൾ ഇപ്പോൾ കൃത്യമായി യൂസർഫീയും പാഴ്വസ്തുക്കളും കൈമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രവർത്തനത്തിന് ഇദ്ദേഹത്തെ പഞ്ചായത്ത് ജോയന്റ് ഡയറക്ടർ കെ.വി. കുര്യാക്കോസ് പൊന്നാടയണിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.