തൊടുപുഴ: വൈദ്യുതി ചാർജ് കൂടിവരുന്ന സാഹചര്യത്തിൽ അനെർട്ടിന്റെ പുരപ്പുറ സൗരോർജ പദ്ധതിയായ സൗരതേജസിന് പ്രിയമേറുന്നു. മേൽക്കൂരയിലെ സൂര്യപ്രകാശത്തിൽനിന്ന് സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലൂടെ വില കൊടുത്ത് വാങ്ങുന്ന വൈദ്യുതി ലാഭിക്കാനാകുമെന്നതാണ് മുഖ്യആകർഷണം. കെ.എസ്.ഇ.ബിയുമായി ഇത് ബന്ധിപ്പിക്കുന്നതിലൂടെ സോളാർ പ്ലാന്റ് സ്ഥാപിക്കുന്ന വീട്ടിലെയോ കെട്ടിടത്തിലെയോ വൈദ്യുതിയാവശ്യം നിറവേറ്റാം.
അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കുകയും ചെയ്യാം. അങ്ങനെ നൽകുന്ന വൈദ്യുതിയുടെ വില ഗുണഭോക്താവിന് സ്വന്തം ബില്ലിൽ കുറവ് ചെയ്യും.
കൃഷി ഓഫിസ്, പഞ്ചായത്ത് ഓഫിസ്, ഊർജമിത്ര കേന്ദ്രങ്ങൾ, അനെർട്ട് ജില്ല ഓഫിസ്, അക്ഷയകേന്ദ്രം എന്നിവയുടെ സഹായത്തോടെ അപേക്ഷിക്കാം. നേരത്തേ 500 രൂപ ഫീസുണ്ടായിരുന്ന രജിസ്ട്രേഷൻ ഫീസ് ഇപ്പോൾ പൂർണമായും സൗജന്യമാണ്. അപേക്ഷ സമർപ്പിച്ചാൽ ഏഴ് ദിവസത്തിനകം സാധ്യത പരിശോധന നടക്കും. ഉപയോഗം കഴിഞ്ഞുള്ള സമയത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതി, കെ.എസ്.ഇ.ബിക്ക് നൽകാം. അധിക വൈദ്യുതിക്ക് റെഗുലേറ്ററി കമീഷൻ നിശ്ചയിക്കുന്ന തുകയും ഗുണഭോക്താവിന് ലഭിക്കും.
സൗരതേജസ് പദ്ധതി നടപ്പാക്കിയശേഷം ജില്ലയിൽ ഇതുവരെ അമ്പതിലേറെ അപേക്ഷകൾ ലഭിച്ചു. എപ്പോഴും മഴ ലഭിക്കുന്ന ചില ഹൈറേഞ്ച് മേഖലകളിൽ പദ്ധതി അത്ര വിജയകരമല്ല. എന്നാൽ, തൊടുപുഴ പോലുള്ള നഗരങ്ങളിൽ പ്രായോഗികമാണ്.
മാസം 200 യൂനിറ്റാണ് വേണ്ടതെങ്കിൽ രണ്ട് കിലോവാട്ടിന്റെ പ്ലാന്റ് മതിയാകും. ഒരു കിലോവാട്ടിൽനിന്ന് നാല് യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. രണ്ട് കിലോവാട്ട് മുതൽ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകൾക്ക് 40 ശതമാനവും മൂന്ന് കിലോവാട്ടിന് മുകളിൽ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകൾക്ക് 20 ശതമാനം സബ്സിഡിയും ലഭിക്കും.
വൈദ്യുതി പരമാവധി സംരക്ഷിക്കുകയും സൗരോർജം ഉപയോഗിച്ച് വർധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താനുമാണ് വിവിധ പദ്ധതികളിലൂടെ അനെർട്ട് ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.