ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഓഫിസ്
തൊടുപുഴ: ജില്ലയിലെ പഞ്ചായത്തുകൾ പുരസ്കാരത്തിളക്കത്തിൽ. കേരളത്തിലെ മികച്ച ഗ്രാമപഞ്ചായത്തുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിന് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം ഇരട്ടയാറും രണ്ടാം സ്ഥാനം ഉടുമ്പന്നൂരും സ്വന്തമാക്കി. കൂടാതെ മഹാത്മാ ട്രോഫിക്ക് ജില്ലതലത്തിൽ ഇടമലക്കുടി ഒന്നാം സ്ഥാനും വണ്ണപ്പുറം രണ്ടാം സ്ഥാനം സ്വന്തമാക്കി.
2023- 24 സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ നൽകിയ വണ്ണപ്പുറം പഞ്ചായത്തിന് ഇടുക്കി ജില്ല കലക്ടർ വി. വിഘ്നേശ്വരി മെമന്റോ നൽകുന്നു
കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിന് ഇത് ഇരട്ടി മധുരം. രണ്ടാഴ്ച മുമ്പ് കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ഇടം നേടിയെങ്കിൽ തിങ്കളാഴ്ച സ്വരാജ് പുരസ്കാരത്തിന് അർഹമായി. ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തായാണ് ഇരട്ടയാർ തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഇടം നേടിയതോടെയാണ് ദേശീയ ശ്രദ്ധ നേടിയത്. മാലിന്യ സംസ്കരണത്തിന് രാജ്യത്തിന് തന്നെ ഇടുക്കിയിലെ ഈ പഞ്ചായത്ത് മാതൃകയായി മാറി. മാലിന്യ സംസ്കരണത്തിനൊപ്പം ഇതിൽ നിന്ന് വരുമാനവും തൊഴിലും സൃഷ്ടിക്കപ്പെട്ടതോടെയാണ് നിർമലയുടെ ബജറ്റ് പ്രസംഗത്തിൽ ഇടം നേടിയത്. പഞ്ചായത്തിലെ 5030 വീടുകളിൽ നിന്നും 495 സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ സേനയുടെ നേതൃത്വത്തിൽ മാലിന്യം ശേഖരിക്കുന്നുണ്ട്. ഓരോ മാസവും നാലര മുതൽ ആറ് ടൺ വരെ പ്ലാസ്റ്റിക് മാലിന്യമാണ് സമാഹരിക്കുന്നത്. 26 ഹരിതസേന അംഗങ്ങളാണ് കർമനിരതരായുള്ളത്. ഇവർക്ക് 10,000 രൂപ മുതൽ 25,000 രൂപ വരെ വരുമാനം കണ്ടെത്താനും സാധിക്കുന്നുണ്ട്.
ഇടുക്കി ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി തുടർച്ചയായ രണ്ടാം തവണയാണ് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുക്കപ്പെടുന്നത്. കേരളത്തിലെ മികച്ച ഗ്രാമപഞ്ചായത്തുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിനാണ് ഉടുമ്പന്നൂർ അർഹത നേടിയത്. 10 ലക്ഷം രൂപയും പ്രശംസാ പത്രവും ട്രോഫിയും ഫെബ്രുവരി 19 ന് ഗുരുവായൂരിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിൽ സമ്മാനിക്കും.
വിവിധ മേഖലകളിൽ തുടർച്ചയായി നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് ഉടുമ്പന്നൂരിനെ വീണ്ടും അവാർഡിലേക്ക് നയിച്ചത്. മാലിന്യ നിർമാർജ്ജന രംഗത്തെ ചിട്ടയായ പ്രവർത്തനവും ഹരിത കർമ സേനയുടെയും തൊഴിലുറപ്പ് പദ്ധതിയുടെ മികച്ച പ്രവർത്തനവും കാർഷിക മേഖലയിൽ നടപ്പാക്കിയ നൂതന ഇടപെടലായ കൃഷിക്കൂട്ടം പദ്ധതിയും വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് നിലവാരമുയർത്തിയ മികവ്- മനശാസ്ത്ര വിദ്യാഭ്യാസ പഠന സഹായ പദ്ധതിയും സംസ്ഥാന സർക്കാരിന്റെ ഡിജി കേരളം പദ്ധതിക്ക് മുന്നോടിയായി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത ഡിജിറ്റലുടുമ്പന്നൂർ പ്രോഗ്രാമും നൂതന ആശയങ്ങൾ എന്ന നിലയിൽ പ്രത്യേക പരിഗണനക്ക് വിധേയമായി. ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമായി അവാർഡിനെ കാണുന്നതായും ഈ നേട്ടം കൈവരിക്കാൻ സഹകരിച്ച മുഴുവൻ ആളുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു.
അടിമാലി: തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകി ഒന്നാമതെത്തിയ ഇടമലക്കുടി പഞ്ചായത്തിന് മഹാത്മാ പുരസ്കാരം. ഗോത്ര വർഗ പഞ്ചായത്തായ ഇടമല കുടിക്ക് ലഭ്യമാകുന്ന ആദ്യ പുരസ്കാരമാണിത്. നൂറ് ശതമാനം ഗോത്രവർഗക്കാർ മാത്രമുള്ള ഇവിടെ തൊഴിലുറപ്പ് പദ്ധതിയിൽ ഇപ്രാവശ്യം മാതൃകപരമായ പ്രവർത്തനമാണ് കാഴ്ച വെച്ചത്. നാല് വശങ്ങളും വനത്താൽ ചുറ്റപ്പെട്ടതും പുറം ലോകത്ത് എത്താൻ ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതുമായ ഏക പഞ്ചായത്തും ഇടമലകുടിയാണ്. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ആദ്യ പുരസ്ക്കാര നിറവിലെത്താൻ ഇടമലക്കുടിക്ക് കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.