തൊടുപുഴ: തുടക്കം മുതൽ ഒടുക്കം വരെ യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് നിലനിർത്തിയത് വ്യക്തമായ ലീഡ്. എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് അവസാനിക്കും വരെ ഒരുസമയത്തും എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിനോ എൻ.ഡി.എ സ്ഥാനാർഥി സംഗീത വിശ്വനാഥനോ തന്റെ ലീഡിന്റെ പരിസരത്തുപോലും എത്താൻ സമ്മതിക്കാത്ത വിധമായിരുന്നു ഡീനിന്റെ മുന്നേറ്റം. ആദ്യ ഫലസൂചന പുറത്തുവന്ന ആദ്യ ഒരുമണിക്കൂറിന് ശേഷം 8000 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം ഡീൻ സ്വന്തമാക്കി. 9.15ഓടെ ഡീൻ കുര്യാക്കോസിന്റെ ലീഡ് 12,975ലേക്ക് കടന്നതോടെ യു.ഡി.എഫ് ക്യാമ്പുകൾ ആവേശത്തിലായി. പത്തു മണിയോടെ ഡീൻ തന്റെ വിജയം സുനിശ്ചിതമെന്ന് ഉറപ്പിച്ച് ലീഡ് 29,170ലേക്കെത്തിച്ചു.
പത്തരയോടെ ഡീൻ തന്റെ ലീഡ് 31638 ലേക്കുയർത്തി. പത്തേ മുക്കാലോടെ 51,742ലേക്ക് എത്തിയതോടെ യു.ഡി.എഫ് കേന്ദ്രങ്ങൾ ആവേശത്തിലായി. 11ഓടെ പകുതി വോട്ടുകൾ എണ്ണിത്തീർത്തപ്പോൾ ഭൂരിപക്ഷം 63,996ലേക്കെത്തി. 11.30ഓടെ ഡീൻ കുര്യാക്കോസിന്റെ ലീഡ് 90,120ലേക്ക് കുതിച്ചുയർന്നു. ഡീൻ കുര്യാക്കോസ് ശക്തമായ ലീഡുനില നിർത്തുന്നത് കണ്ട് വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് കാത്തുനിന്ന പ്രവർത്തകരും ആവേശത്തിലായി. ആഹ്ലാദരവങ്ങളും ആർപ്പുവിളികളുമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് പൈനാവിലേക്ക് പ്രവർത്തകർ എത്തിക്കൊണ്ടിരുന്നു. 11 മണിയോടെതന്നെ ഡീൻ കുര്യാക്കോസിന്റെ വിജയം ഉറപ്പിച്ച് പ്രവർത്തകർ വിവിധ പ്രദേശങ്ങൾ ആഹ്ലാദാരവങ്ങളുമായി ഇറങ്ങി. 11.45ഓടെ ഡീൻ ലീഡ് ഒരുലക്ഷത്തിലേക്കുയർത്തി. 12.15ഓടെ 1,17,265 ആയി ലീഡ് കുതിച്ചു. വിജയം ഉറപ്പാക്കിയ ഡീൻ ഒരുമണിയോടെ കൗണ്ടിങ് വേട്ടെണ്ണൽ കേന്ദ്രത്തിൽനിന്നിറങ്ങി ഇടുക്കിക്കാർക്ക് നന്ദി പ്രകാശിപ്പിച്ചു. ഒന്നരയോടെ ഡീൻ കുര്യക്കോസിന്റെ ലീഡ് 1,29,605ലേക്ക് ഉയർന്നു. അപ്പോഴേക്കും മൂവാറ്റുപുഴ, തൊടുപുഴ, ഇടുക്കി നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായിരുന്നു. 3.30ഓടെ ലീഡ് 1,33,277ഉം പിന്നിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.