തൊടുപുഴ: മൂന്നാറിലിറങ്ങിയ കാട്ടാനകളെ തുരത്താനുള്ള വനം വകുപ്പിന്റെ ശ്രമം തുടരുമ്പോഴും മൂന്നാർ ചിന്നക്കനാലിൽ ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. കോഴിപ്പന്നക്കുടി സ്വദേശികളായ രാജയ്യ, ജയകുമാർ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ നാശം വിതച്ചത്. കുട്ടിയാനകളടക്കം ആറ് ആനകളാണ് ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നത്. ഏലത്തോട്ടത്തിലെത്തിയ കാട്ടാനകൾ തട്ടകൾ ചവിട്ടിമെതിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ശങ്കരപാണ്ഡ്യൻമെട്ട്, ചൂണ്ടൽ മേഖലകളിലും കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടം ഉണ്ടാക്കി. ഒരു മാസത്തിനിടെ 100 ഏക്കറിന് മുകളിൽ ഏലകൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പ്രദേശത്ത് ആർ.ആർ.ടി സേവനം കാര്യക്ഷമമല്ലെന്ന പരാതിയും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. കാട്ടാനശല്യത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് കർഷകരുടെ തീരുമാനം.
കല്ലാർ മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം കാട്ടാനകൾ
മൂന്നാര്‍ കല്ലാറിലെ മാലിന്യസംസ്കരണ പ്ലാന്റിന് സമീപത്തെ കാട്ടാനകളുടെ സാന്നിധ്യവും ഒഴിയുന്നില്ല. മുമ്പ് കാട്ടുകൊമ്പന് പടയപ്പ മേഖലയില്‍ സ്ഥിരസാന്നിധ്യമായിരുന്നു. ഇപ്പോള്‍ വേറെയും കാട്ടാനകള്‍ പ്ലാന്റിലേക്കും പരിസരത്തേക്കും എത്തുന്ന സ്ഥിതിയാണുള്ളത്. തിങ്കളാഴ്ച പകലും പ്ലാന്റില്‍ കാട്ടാനകളെത്തി. കാട്ടാനകളുടെ സാന്നിധ്യമുണ്ടായതോടെ ശേഖരിച്ച് കൊണ്ടുവരുന്ന മാലിന്യം നിക്ഷേപിക്കുന്ന കാര്യം പ്രതിസന്ധിയിലായി. തുടര്‍ന്ന് ആര്.ആര്.ടി സംഘമെത്തി കാട്ടാനയെ തുരത്തി. ദിവസങ്ങള്‍ക്ക് മുമ്പ് മാലിന്യസംസ്കരണ പ്ലാന്റിന് സമീപത്തുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. പ്ലാന്റില്‍ കാട്ടാനകളുടെ സാന്നിധ്യം പതിവാകുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. മാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപത്തു നിന്നടക്കം ജനവാസമേഖലകളില്‍ ഇറങ്ങുന്നവയെ തുരത്തണമെന്ന ആവശ്യം ശക്തമാണ്. തോട്ടം മേഖലയിലെ കുടുംബങ്ങള്‍ ഇപ്പോള്‍ കാട്ടാന ഭീതിയിലാണ് കഴിയുന്നത്.
കാടുകയറ്റൽ ദൗത്യം തുടരുന്നു
മൂന്നാറിലെ ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ദൗത്യം വനംവകുപ്പ് തുടരുമ്പോഴാണ് ജനവാസ മേഖലയിൽ വീണ്ടും ഇവ ഇറങ്ങുന്നത്. ആനമുടിച്ചോല റിസർവിലേക്ക് ആനകളെ എത്തിക്കാൻ മൂന്നാർ ഡി.എഫ്.ഒയുടെ നേതൃത്വത്തിലാണ് ദൗത്യം ആരംഭിച്ചിരിക്കുന്നത്. പഴയ മൂന്നാറിന് സമീപത്തുവരെ കാട്ടാനക്കൂട്ടമെത്തിയിട്ടുണ്ട്. പകൽ ചോലവനങ്ങളിൽ തമ്പടിക്കുന്ന ആനകളെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിക്കുകയും പ്രകോപിപ്പിക്കാതെ തുരത്തുകയുമാണ് ലക്ഷ്യമിടുന്നത്.
വന്യമൃഗ ശല്യത്തിൽ ലക്ഷങ്ങളുടെ കൃഷിനാശം
ജില്ലയിൽ ലക്ഷങ്ങളുടെ കൃഷി നാശമാണ് ഓരോ തവണയും വന്യമൃഗങ്ങളുടെ ആക്രമണം മൂലം ഉണ്ടാകുന്നത്. വാഴ, കരിമ്പ്, കുരുമുളക്, റബർ, തെങ്ങ്, ഏലം എന്നിങ്ങനെയാണ് കൃഷി നാശം കൂടുതലും ഉണ്ടായിട്ടുള്ളത്. കാന്തല്ലൂർ, മാങ്കുളം, മന്നാംകണ്ടം, മറയൂർ, ചക്കുപള്ളം, ഉപ്പുതറ, വണ്ടൻമേട്, അണക്കര, കാഞ്ചിയാർ മേഖലകളിലാണ് കൂടുതലും കൃഷി നാശം സംഭവിച്ചിട്ടുള്ളത്. ബാങ്കിൽനിന്ന് ലോണെടുത്തും കടം വാങ്ങിയും മറ്റുമാണ് ഹൈറേഞ്ച് മേഖലയിൽ പല കർഷകരും കൃഷി ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ശല്യമില്ലാതിരുന്നുവെങ്കിൽ കൃഷി തങ്ങൾക്ക് ആദായകരമാകുമെന്നാണ് കൃഷിക്കാൻ പറയുന്നത്. എന്നാൽ, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങൾ ഇവരുടെ സ്വപ്നങ്ങളെ ഇല്ലാതാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.