രണ്ട് പതിറ്റാണ്ടായി എൽ.ഡി.എഫ് കൈപ്പിടിയിലൊതുക്കിയ ഉടുമ്പൻചോല, കർഷക സമരങ്ങളുടെയും പട്ടിണി മാർച്ചിെൻറയും ചരിത്രം ഉറങ്ങുന്ന മണ്ഡലമാണ്. നാണ്യവിളകളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും കലവറയുമാണിവിടം. പീരുമേട്, ദേവികുളം താലൂക്കുകൾ വിഭജിച്ച് 1965ലാണ് ഉടുമ്പൻചോല താലൂക്ക് രൂപവത്കൃതമായതും ഉടുമ്പൻചോല സ്വതന്ത്ര മണ്ഡലമായതും.
1965 മുതൽ ആകെ നടന്ന 13 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും സി.പി.ഐയും രണ്ടുതവണ വീതവും കേരള കോൺഗ്രസ് നാലു തവണയും സി.പി.എം അഞ്ചു പ്രാവശ്യവുമാണ് മണ്ഡലം സ്വന്തമാക്കിയത്. തമിഴ് വംശജർ നിർണായകമായ മണ്ഡലത്തിൽ 1987ൽ യു.ഡി.എഫ് സ്ഥാനാർഥി കേരള കോൺഗ്രസ് എമ്മിലെ മാത്യു സ്റ്റീഫെൻറ പ്രചാരണത്തിന് എം.ജി.ആർ എത്തിയിരുന്നു.
1965ലേത് കേരള കോൺഗ്രസ് മത്സരത്തിനിറങ്ങിയ ആദ്യ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു. അന്ന് ജില്ലയിൽ രണ്ട് സീറ്റ് നേടി കേരള കോൺഗ്രസ് ശക്തി തെളിയിച്ചു. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനാൽ സി.പി.എമ്മും സി.പി.ഐയും വെവ്വേറെയായിരുന്നു മത്സരം. 82,778 വോട്ടർമാരുണ്ടായിരുന്നു. 46,328 പേർ വോട്ട് ചെയ്തതിൽ 17,374 വോട്ട് സി.പി.ഐയിലെ ജേക്കബിനും 15,627 വോട്ട് കേരള കോൺഗ്രസിലെ മത്തച്ചനും ലഭിച്ചു.
കോൺഗ്രസിലെ കെ.ജെ. ചാക്കോക്ക് ലഭിച്ചത് 6618 വോട്ടായിരുന്നു. ആറ് സ്വതന്ത്ര സ്ഥാനാർഥികൾക്ക് ലഭിച്ചത് 6709 വോട്ടും. 1965ലും 1967ലും സി.പി.ഐയിലെ കെ.ടി. ജേക്കബിനായി വിജയം. രണ്ട് തെരഞ്ഞെടുപ്പിലും എതിർ സ്ഥാനാർഥി കേരള കോൺഗ്രസിലെ മാത്തച്ചനായിരുന്നു. ആദ്യതവണ 1747 വോട്ടിനും രണ്ടാം തവണ 9064 വോട്ടിനുമാണ് ജേക്കബ് വിജയിച്ചത്. 1970ൽ കേരള കോൺഗ്രസിലെ വി.ടി. സെബാസ്റ്റ്യനായിരുന്നു ജയം. സി.പി.എമ്മിലെ വി.എം. വിക്രമൻ 5621 വോട്ടിനാണ് പരാജയപ്പെട്ടത്. 1977ൽ കേരള കോൺഗ്രസിലെ തോമസ് ജോസഫ് സി.പി.എമ്മിലെ എം. ജിനദേവനെ 8240 വോട്ടിന് പരാജയപ്പെടുത്തി മണ്ഡലം നിലനിർത്തി. 1980ലും തോമസ് ജോസഫ് വിജയിച്ചു.
5387 വോട്ടിന് പരാജയപ്പെട്ടത് എസ്.ആർ.പിയിലെ പച്ചടി ശ്രീധരൻ. 1982ൽ കേരള കോൺഗ്രസിലെ വി.ടി. സെബാസ്റ്റ്യനെ 1193 വോട്ടിന് പരാജയപ്പെടുത്തി സി.പി.എമ്മിലെ എം. ജിനദേവൻ മണ്ഡലം തിരിച്ചുപിടിച്ചു. 1987ൽ വീണ്ടും സി.പി.എമ്മിന് മണ്ഡലം നഷ്ടമായി. കേരള കോൺഗ്രസിലെ മാത്യു സ്റ്റീഫൻ എം. ജിനദേവനെ 4940 വോട്ടിന് അടിയറവ് പറയിച്ചു. 1991ൽ മണ്ഡലം കേരള കോൺഗ്രസിൽനിന്ന് കോൺഗ്രസ് ഏറ്റെടുത്തു. 91ലും 96ലും സി.പി.എമ്മിനെ പരാജയപ്പെടുത്തി കോൺഗ്രസിലെ ഇ.എം. ആഗസ്തി ഇവിടെ വിജയിച്ചു. പിന്നീട് നടന്ന മൂന്നു തെരഞ്ഞെടുപ്പിലും കോൺഗ്രസിന് വിജയിക്കാനായില്ല.
2001ൽ സി.പി.എമ്മിലെ കെ.കെ. ജയചന്ദ്രൻ കേരള കോൺഗ്രസിലെ മാത്യു സ്റ്റീഫനെ 8841 വോട്ടിനും 2006ൽ ഡി.ഐ.സിയിലെ ഇബ്രാഹിംകുട്ടി കല്ലാറിനെ 19,648 വോട്ടിനും 2011ൽ കോൺഗ്രസിലെ അഡ്വ. ജോസി സെബാസ്റ്റ്യനെ 9833 വോട്ടിനുമാണ് പരാജയപ്പെടുത്തിയത്.
1996 മുതലുള്ള നാല് തെരഞ്ഞെടുപ്പിലും ബി.ജെ.പി ഗോഥയിലിറങ്ങി. 96ൽ 2333 വോട്ടും 2001ൽ 3659 വോട്ടും 2006ൽ 4185 വോട്ടും 2011ൽ 3836 വോട്ടും നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുമുന്നണിയുടെയും വോട്ട് ചോർത്തി ബി.ഡി.ജെ.എസിലെ സജി പറമ്പത്ത് 21,799 വോട്ട് നേടി.
മണ്ഡലത്തിലെ നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, വണ്ടൻമേട്, ഇരട്ടയാർ, ഉടുമ്പൻചോല, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തൻപാറ എന്നീ മുഴുവൻ പഞ്ചായത്തുകളും എൽ.ഡി.എഫാണ് ഇപ്പോൾ ഭരിക്കുന്നത്. നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട് എന്നീ മൂന്ന് ജില്ല പഞ്ചായത്ത് ഡിവിഷനുകളും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും ഇടതുമുന്നണിക്ക് തന്നെ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഡീൻ കുര്യാക്കോസ് എം.പിക്ക് ഉടുമ്പൻചോല ഒഴികെ മുഴുവൻ പഞ്ചായത്തിലും ലീഡ് നേടിയായിരുന്നു.
ഇക്കുറിയും മന്ത്രി എം.എം. മണി തന്നെയായിരിക്കും എൽ.ഡി.എഫ് സ്ഥാനാർഥിയെന്നാണ് സൂചന. കഴിഞ്ഞ തവണ പരാജയപ്പെട്ട സേനാപതി വേണുവടക്കം യു.ഡി.എഫിൽ സീറ്റ് മോഹികൾ ധാരാളമാണ്. 1.65 ലക്ഷം വോട്ടർമാരുള്ള മണ്ഡലത്തിൽ 36 ശതമാനം ഈഴവരാണ്. നായർ, വിശ്വകർമർ എന്നിവർ പത്ത് ശതമാനവും കത്തോലിക്കർ 28 ശതമാനവും. ഇതര ൈക്രസ്തവ വിഭാഗങ്ങൾ 10 ശതമാനവും വരും. ഏഴു ശതമാനമാണ് മുസ്ലിം വോട്ടർമാർ. തമിഴ് വംശജരായ വോട്ടർമാർ വേറെയുമുണ്ട്.
തെരഞ്ഞെടുപ്പ് ചരിത്രം
വർഷം, വിജയി, പാർട്ടി, എതിർ സ്ഥാനാർഥി, പാർട്ടി, ഭൂരിപക്ഷം ക്രമത്തിൽ
1965 കെ.ടി. ജേക്കബ് -സി.പി.ഐ -മാത്തച്ചൻ -കേരള കോൺഗ്രസ് -1747
1967 കെ.ടി. ജേക്കബ് -സി.പി.ഐ -മാത്തച്ചൻ -കേരള കോൺഗ്രസ് -9064
1970 വി.ടി. സെബാസ്റ്റ്യൻ -കേരള കോൺഗ്രസ് -വി.എം. വിക്രമൻ -സി.പി.എം -5621
1977 തോമസ് ജോസഫ് -കേരള കോൺഗ്രസ് എം- ജിനദേവൻ -സി.പി.എം -8240
1980 തോമസ് ജോസഫ് -കേരള കോൺഗ്രസ് -പച്ചടി ശ്രീധരൻ -എസ്.ആർ.പി -5387
1982 എം. ജിനദേവൻ -സി.പി.എം -വി.ടി. സെബാസ്റ്റ്യൻ -കേരള കോൺഗ്രസ് -193
1987 മാത്യു സ്റ്റിഫൻ -കേരള കോൺഗ്രസ് എം -ജിനദേവൻ -സി.പി.എ -4940
1991 ഇ.എം. ആഗസ്തി -കോൺഗ്രസ് എം -ജിനദേവൻ -സി.പി.എം -3374
1996 ഇ.എം. ആഗസ്തി -കോൺഗ്രസ് -എം.എം. മണി -സി.പി.എം -4667
2001 കെ.കെ. ജയചന്ദ്രൻ -സി.പി.എം -മാത്യു സ്റ്റിഫൻ -കേരള കോൺഗ്രസ് 8841
2006 കെ.കെ. ജയചന്ദ്രൻ -സി.പി.എം -ഇബ്രാഹിംകുട്ടി കല്ലാർ -ഡി.ഐ.സി -19648
2011 കെ.കെ. ജയചന്ദ്രൻ -സി.പി.എം -ജോസി സെബാസ്റ്റ്യൻ -കോൺഗ്രസ് -9833
2016 -എം.എം. മണി -സി.പി.എം -അഡ്വ.സേനാപതി വേണു -കോൺഗ്രസ് -11092016 നിയമസഭ വോട്ടിങ് നില
ആകെ വോട്ട് -166519
പോൾ ചെയ്തത് -126036
എം.എം. മണി (സി.പി.എം) -50813
സേനാപതി വേണു (കോൺഗ്രസ്) -49704
സജി പറമ്പത്ത് (ബി.ഡി.ജെ.എസ്) -21799
രാജു മഞ്ഞക്കുന്നേൽ (ബി.എസ്.പി) -486
ഷാനവാസ് ബെക്കർ (എസ്.ഡി.പി.ഐ) -831
ബി. സോമൻ (എ.ഐ.ഡി.എം.കെ) -1651
എം.ജെ. ഫ്രാൻസിസ് (സ്വതന്ത്രൻ) -132
നോട്ട -602
റിജക്റ്റഡ് -18
ഭൂരിപക്ഷം -1109
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.