തൊടുപുഴ: കുടുംബബജറ്റുകളുടെ താളം തെറ്റിച്ച് വിപണിയില്‍ വിലക്കയറ്റം. പച്ചക്കറിയും പച്ചമീനും ഉള്‍പ്പെടെ സാധാരണക്കാരുടെ തീന്മേശകളില് പതിവായുള്ള ഭക്ഷ്യസാധനങ്ങള്ക്കെല്ലാം പൊള്ളുന്ന വിലയാണ്. ചിക്കനാകട്ടെ ദിനംപ്രതി വിലയേറുകയാണ്.തമിഴ്നാട്ടില്‍നിന്ന് വരുന്ന ബ്രോയിലര്‍ കോഴികള്‍ക്ക് വിലയേറിയതാണ് ചിക്കന്‍ വിലകൂടാന്‍ കാരണം.
ബീഫ് ഉള്‍പ്പെടെയുള്ളവക്കും വില വർധിപ്പിക്കുന്നുണ്ട്. സസ്യഭുക്കുകള്‍ക്കും മാംസാഹാര പ്രിയര്‍ക്കും ഒരേപോലെ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്. വില ഉയര്‍ന്നതോടെ വ്യാപാരവും വലിയ തോതില്‍ കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു. പച്ചക്കറി വിപണിയില്‍ പല ഇനങ്ങളുടെയും വില അടുത്ത നാളിലാണ് കുതിച്ചുയര്‍ന്നത്. ഒരു കിലോ കാരറ്റിന് 80-90 രൂപ വരെയാണ് ചില്ലറ വില. ബീന്‍സ് വില ഉയര്‍ന്ന് 80 രൂപയായി.
തക്കാളി കിലോക്ക് 60, വെണ്ടക്ക -50, പാവക്ക -60, കോവക്ക -50, മുരിങ്ങക്ക -100, വള്ളിപ്പയര്‍ -60 എന്നിങ്ങനെയാണ് മറ്റുള്ള ചിലഇനങ്ങളുടെ ചില്ലറ വില്പന വില. ഇഞ്ചിയുടെ വില 240 ലേക്കെത്തിയിട്ടുണ്ട്. ട്രോളിങ് നിരോധനവും മോശം കാലാവസ്ഥയെത്തുടര്‍ന്നുണ്ടായ ലഭ്യതക്കുറവുമാണ് മത്സ്യവില വര്‍ധനക്ക് കാരണം.
മത്തി കിലോക്ക് 240 മുതല്‍ 250 രൂപ വരെയാണ് പലയിടത്തും ചില്ലറ വില. അയലക്ക് 250 മുതല്‍ 300 രൂപ വരെയും. ഓലക്കുടി, കേര തുടങ്ങി മിക്ക മീനുകള്‍ക്കും വില കുതിച്ചുയര്‍ന്നു. 400നും 480നും ഇടക്കാണ് ഇവയുടെ വില. കൊഴുവ- 180-230, ഏരി -350, ചെമ്മീന്‍ -380-400വരെ, അടു-260 എന്നിങ്ങനെയാണ് വില. സുലഭമായി ലഭിച്ചിരുന്ന പല മത്സ്യങ്ങളും സ്റ്റാളുകളില്‍ കിട്ടാനുമില്ല. കടകളില്‍ എത്തുന്ന പലരും വില കേള്‍ക്കുമ്പോള്‍ മത്സ്യം വാങ്ങാതെ മടങ്ങുകയാണ്.
ഇരുചക്രവാഹനങ്ങളിലും മറ്റും വില്പന നടത്തിയിരുന്ന ചെറുകിട കച്ചവടക്കാര്‍ ഇതോടെ പ്രതിസന്ധിയിലായി. ട്രോളിങ് നിരോധനം നിലവില്‍ വരും മുമ്പുതന്നെ പല മത്സ്യങ്ങള്‍ക്കും ലഭ്യതക്കുറവ് ഉണ്ടായിരുന്നതായി കച്ചവടക്കാര്‍ പറയുന്നു.ഇറച്ചിക്കോഴിക്ക് കിലോക്ക് 165 മുതല്‍ 170 രൂപ വരെയാണ് വില. ഉൽപാദനത്തിലുണ്ടായ കുറവാണ് കോഴി വില ഉയരാന്‍ പ്രധാന കാരണമായി വില്പനക്കാര് പറയുന്നത്. വില വര്‍ധന ഹോട്ടലുകള്‍ക്കും തിരിച്ചടിയാണ്.
ചിക്കന്‍ വിഭവങ്ങള്‍ക്കും മറ്റും വില വര്‍ധിപ്പിക്കേണ്ടി വരുമെന്നു ഹോട്ടൽ ഉടമകള്‍ പറയുന്നു. തമിഴ്നാട്ടില്‍നിന്ന് വരുന്ന കോഴികള്‍ക്കാണ് വില കൂടിയത്. ജില്ലയില്‍ പ്രാദേശികമായി നടത്തുന്ന കോഴിഫാമുകളില്‍നിന്നുള്ള ചിക്കന്‍ നേരിയ വിലക്കുറവില്‍ ലഭിക്കും. ബീഫിനും കച്ചവടക്കാര്‍ മാനദണ്ഡം പാലിക്കാതെയാണ് വില കൂട്ടുന്നുണ്ട്. 380 രൂപ മുതല്‍ 400 വരെയാണ് ബീഫിന് കിലോക്ക് വില. ചിലയിടങ്ങളിൽ അമിതമായി പോത്തിറച്ചിക്ക് വില കൂട്ടിയതിനെതിരെ പ്രതിഷേധവുമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.