മറയൂർ: ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിൽ ഇതുവരെ വൈദ്യുതിയും വഴിയും എത്താതെ മുളകാംപെട്ടി ആദിവാസി ഊര്. ഊരിലെ 23 കുടുംബങ്ങള്‍ക്ക് വനാവകാശരേഖ ലഭിക്കാത്തതിനാല്‍ ലൈഫ് ഭവന പദ്ധതിയില്‍ വീട് അനുവദിച്ചിട്ടും നിർമിക്കാന്‍ കഴിയുന്നില്ല. വിഷയം മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് എ. രാജ എം.എൽ.എ കഴിഞ്ഞ ദിവസം ഊരിൽ സന്ദർശനം നടത്തി.
ആദിവാസി ക്ഷേമസമിതി ഏരിയ പ്രസിഡന്റ് ശ്രീമുരുകന്, ജില്ല പഞ്ചായത്ത് അംഗം സി. രാജേന്ദ്രന് എന്നിവര്‍ ചേർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തുടർന്ന്, നടപടികള്‍ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സർക്കാർ നിർദേശം നൽകി. മുതുവ വിഭാഗത്തിൽപെട്ട 23 കുടുംബങ്ങളാണ് മുളകാംപെട്ടി ഊരിൽ കഴിയുന്നത്. മറ്റ് കുടികളില്‍നിന്ന് ഇവിടേക്ക് എത്തിച്ചേര്ന്നവരാണെന്ന തടസ്സവാദം ഉന്നയിച്ചാണ് വനം വകുപ്പ് വനാവകാശരേഖ നിഷേധിക്കുന്നത്. രാവിലെ അഞ്ചിന് മറയൂരില്‍നിന്ന് പുറപ്പെട്ട് മൂന്ന് കിലോമീറ്റര്‍ ദൂരം കുത്തനെയുള്ള പാറയിലൂടെ സഞ്ചരിച്ചാണ് എം.എല്‍.എ ഉള്‍പ്പെടെയുള്ള സംഘം മുളകാപെട്ടിയിലെത്തിയത്. എം.എൽ.എയെ കാണിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഊരിൽ രണ്ടാഴ്ചക്കകം സൗരോർജ ലൈറ്റുകൾ എത്തിക്കുമെന്ന് എം.എൽ.എ അറിയിച്ചു. ഊരിലെ കുടുംബങ്ങൾ മെഴുകുതിരിയും മണ്ണെണ്ണ വിളക്കുമാണ് വെളിച്ചത്തിനായി ഉപയോഗിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ വഴി നിർമിക്കാൻ പദ്ധതി തയാറാക്കുമെന്നും ഭവന നിര്‍മാണത്തിനും വനാവകാശ രേഖ നല്കുന്നതിനുമായി കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.