അടിമാലി: കടുത്ത വേനലിന് ആശ്വാസമായി വേനൽ മഴ പെയ്തിറങ്ങിയതോടെ സജീവമായി വെള്ളച്ചാട്ടങ്ങൾ. ഇതോടെ വിനോദ സഞ്ചാരികളുടെ വരവും വർധിച്ചു. ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങളിലാണ് ഏറ്റവും കൂടുതൽ തിരക്ക്. കൊച്ചി - ധനുഷ്കോടി ദേശീയപാതയോരത്തിന് ചേർന്നുള്ളതും മൂന്നാർ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ കവാടവുമായ നേര്യമംഗലം വനമേഖലയിലാണ് ചീയപ്പാറ വെള്ളച്ചാട്ടം. 400 മീറ്ററിലധികം ഉയരത്തിൽ നിന്നുള്ള ഈ ജലപാതമാണ് കൂടുതൽ പേരെ ആകർഷിക്കുന്നതും. മൂന്നാറിലേക്കുള്ള സഞ്ചാരികൾ ഈ വെള്ളച്ചാട്ടം കാണാനും ചിത്രങ്ങൾ പകർത്താനുമായി ഏറെ നേരം ചെലവിടുന്നു. അവധി ദിനങ്ങളിൽ ഇവിടെ വൻ തിരക്കാണ്.
ഇവിടെനിന്ന് ഒന്നര കിലോമീറ്റർ മാറി വാളറക്കുത്ത് വെള്ളച്ചാട്ടവും മനോഹരമാണ്. ദേവിയാർ പുഴയുടെ ഭാഗമായ ഈ വെള്ളച്ചാട്ടം വനത്തിന്റെ ഭംഗികൂടിയാകുമ്പോൾ ഏറെ ആകർഷണീയമാണ്. ഇവിടെനിന്ന് അടിമാലി പട്ടണത്തിൽ എത്തിയാൽ അടിമാലി വെള്ളച്ചാട്ടം കാണാം. മൂന്നാറിന് സമീപം ആറ്റുകാടാണ് സഞ്ചാരികൾ കൂടുതൽ എത്തുന്ന മറ്റൊരു വെള്ളച്ചാട്ടം. ഇരവികുളം ദേശീയ ഉദ്യാനത്തിലെയും ബൈസൺവാലി ചുനയംമാക്കൽ വെള്ളച്ചാട്ടവും ശ്രദ്ധേയമാണ്. നക്ഷത്രക്കുത്തടക്കം 10 ലേറെ വെള്ളച്ചങ്ങളാണ് മാങ്കുളം പഞ്ചായത്തിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.