കാഞ്ഞാർ: കാഞ്ഞാർ പാലത്തിന് നടപ്പാത നിർമിക്കാനുള്ള തീരുമാനം അനന്തമായി നീളുന്നു. മണ്ണിന്റെ പരിശോധനയും മറ്റും നടത്തിയെങ്കിലും തുടർനടപടി വൈകുകയാണ്. പാലത്തിന് വേണ്ടത്ര ശേഷിയില്ലാത്തതിനാൽ പാലത്തിനോട് ചേർത്ത് നടപ്പാലം സ്ഥാപിക്കാൻ കഴിയില്ല.
പുഴയിലും കരയിലും തൂണുകൾ സ്ഥാപിച്ച് വേണം നടപ്പാലം നിർമിക്കാൻ. ഇതിനായി എം.വി.ഐ.പിയുടെ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ജല അതോറിറ്റിയുടെ പമ്പ് ഹൗസിന് എതിർവശത്തെ ഭാഗമാണ് ഏറ്റെടുക്കേണ്ടത്. സ്ഥലം ആവശ്യപ്പെട്ട് ജലസേചന വകുപ്പിന് കത്ത് നൽകിയിട്ടുണ്ടെങ്കിലും തീരുമാനമൊന്നും ആയിട്ടില്ല.
പാലത്തിനോട് ചേർത്ത് നടപ്പാലം നിർമിക്കാൻ 3.62 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. എന്നാൽ അത് സാധ്യമല്ലാത്തതിനാൽ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കും. പാലത്തിന് അനുമതി ലഭിച്ചതിനെത്തുടർന്ന് പുഴയിലെ ഉൾപ്പടെ മണ്ണിന്റെ ഘടന പരിശോധിച്ചിരുന്നു. എന്നാൽ പുഴയിലെ ഒഴുക്കും
മണ്ണിന്റെ ഘടനയിലെ മാറ്റവും മൂലം നിസ്സാരമായ രീതിയിൽ നടപ്പാത നിർമിക്കാൻ കഴിയില്ലെന്ന് കണ്ടെത്തി. അതിനാൽ വീണ്ടും വിശദ പഠനം നടത്താനാണ് പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ തീരുമാനം.
തൊടുപുഴ-പുളിയന്മല റോഡിലെ പ്രധാന പാലമാണ് കാഞ്ഞാര്‍ പാലം. വീതി കുറവും വാഹനത്തിരക്കും മൂലം പാലത്തിലൂടെ വാഹനയാത്രയും കാൽനടയാത്രയും ദുര്‍ഘടമാണ്. 2.55 മീറ്റർ വീതിയിലും 72 മീറ്റർ നീളത്തിലുമാണ് നടപ്പാത നിർമിക്കുക. ടൂറിസം മേഖലയായ വാഗമണ്‍, മൂന്നാര്‍ മേഖകളിലേക്കും ജില്ല ആസ്ഥാനത്തേക്കും യാത്ര ചെയ്യുന്നതിന് ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. ഈ റോഡിന്റെ ഭാഗമായതും വാഗമണിലേക്ക് പോകുന്നതുമായ അശോകക്കവല-മൂലമറ്റം-കോട്ടമല റോഡിന് 6.80 കോടി രൂപ അനുവദിച്ചിരുന്നു. കാഞ്ഞാര്‍ പാലം കൂടെ പൂര്‍ത്തിയായാലേ ഇതുവഴി ഗതാഗതം സുഗമമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.