സിൽവർ ലൈൻ കറുത്ത വരയാകും -മേധ പട്കർ

പയ്യന്നൂർ: വികസനമെന്ന വ്യാജേന കേരള ജനതയുടെ മേൽ അടിച്ചേൽപിക്കാൻപോകുന്ന സിൽവർ ലൈൻ വിനാശ പദ്ധതി കറുത്ത വരയാകുമെന്ന് സാമൂഹിക പ്രവർത്തക മേധ പട്കർ. പയ്യന്നൂർ മമ്പലം കാനത്ത് കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ. ഇത് മറ്റൊരു ബുള്ളറ്റ് ട്രെയിൻ പദ്ധതിയാണ്. നമ്മുടെ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള, ഒരു നിയന്ത്രണവുമില്ലാത്ത വിദേശ പദ്ധതിയാണ്. ഇടത് സർക്കാർ പിണറായി വിജയന്റെ നേതൃത്വത്തിൽ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് ആശ്ചര്യകരമാണ്. ജനങ്ങളെയും പ്രകൃതിയെയും പരിഗണിച്ചാണ് വികസന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത്. വിദേശ വായ്പ വാങ്ങി നടപ്പാക്കുന്ന, ഒന്നരലക്ഷം കോടി ചെലവുവരുന്ന സിൽവർലൈൻ പദ്ധതി കേരളത്തിന്റെ പ്രകൃതിയെ തകിടം മറിക്കും. ജനകീയ പ്രക്ഷോഭത്തിലൂടെ പദ്ധതി പരാജയപ്പെടുത്തണം. ഇതുവരെ സമരരംഗത്തൊന്നും വരാത്ത സാധാരണ സ്ത്രീകളാണ് പ്രക്ഷോഭത്തിന്റെ മുൻനിരയിൽ. നിലനിൽപിനുവേണ്ടി അവർ നടത്തുന്ന സമരത്തിനുമുന്നിൽ ഏത് സർക്കാറിനും മുട്ടുമടക്കേണ്ടിവരുമെന്നും മേധ പട്കർ പറഞ്ഞു. പയ്യന്നൂർ കാനത്തെ കെ-റെയിൽ വിരുദ്ധ സമര പ്രവർത്തകരായ കിഴക്കെ വീട്ടിൽ യശോദമ്മ, പി.വി. രോഹിണി, കെ.വി. പ്രീതി എന്നിവർ ചേർന്ന് മേധ പട്കറെ സ്വീകരിച്ചു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, കെ- റെയിൽ പ്രതിരോധ സമിതി ചെയർമാൻ ടി.പി. പത്മനാഭൻ, കൺവീനർ വി.കെ. രവീന്ദ്രൻ, ഡോ. ഡി. സുരേന്ദ്രനാഥ്, കെ. രാമചന്ദ്രൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പിലാക്കാൽ അശോകൻ, ടി.വി. രഘു, സി.വി. ബാലൻ, കെ. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.