രോഗനിര്‍ണയത്തിനും നിയന്ത്രണത്തിനും 'ശൈലി' ആപ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ജീവിതശൈലീരോഗനിര്‍ണയത്തിന് 'ശൈലി' എന്ന ​പേരിൽ മൊബൈല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സജ്ജമാക്കി. ആരോഗ്യവകുപ്പ് നവകേരള കര്‍മപദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ശൈലി ആപ് തയാറാക്കിയതെന്ന്​ മന്ത്രി വീണ ജോർജ്​ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി മുപ്പത് വയസ്സിന് മുകളിലുള്ളവരുടെ ജിവിതശൈലീരോഗങ്ങളെ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ചും വിവരശേഖരണം നടത്തുന്നതിന് ആശാ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തി. പ്രമേഹം, രക്താതിമര്‍ദം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, മറ്റ് ജീവിതശൈലീരോഗങ്ങള്‍, കാന്‍സർ എന്നിവയെക്കുറിച്ചുള്ള വിവര ശേഖരണമാണ് പ്രാഥമികമായി ആപ് വഴി നടത്തുക. രേഖപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ ആരോഗ്യനിലവാരത്തെക്കുറിച്ചുള്ള സ്‌കോറിങ്​ നടത്തുകയും സ്‌കോര്‍ നാലിന് മുകളിലുള്ള വ്യക്തികളെ ജീവിതശൈലീരോഗപരിശോധനക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകാൻ നിർദേശിക്കുകയും ചെയ്യും. ഓരോ പഞ്ചായത്തിലെയും ആരോഗ്യവിവരങ്ങള്‍ അവിടത്തെ മെഡിക്കല്‍ ഓഫിസര്‍ക്ക് ലഭിക്കുന്നതോടൊപ്പം ജില്ലതല വിവരങ്ങള്‍ ജില്ല നോഡല്‍ ഓഫിസര്‍ക്കും സംസ്ഥാനതല വിവരങ്ങള്‍ സംസ്ഥാന നോഡല്‍ ഓഫിസര്‍ക്കും അവരുടെ ഡാഷ് ബോര്‍ഡില്‍ കാണാന്‍ സാധിക്കും. ഇതിലൂടെ പ്രാദേശികമായും സംസ്ഥാനതലത്തിലുമുള്ള ജീവിതശൈലീരോഗങ്ങളുടെ യഥാർഥകണക്ക് ലഭ്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.