തലശ്ശേരിയിൽ ഷവർമ കടകൾക്ക് ലൈസൻസിന് പ്രത്യേക മാനദണ്ഡം

തലശ്ശേരി: നഗരത്തിൽ ഫാസ്റ്റ്ഫുഡ് കടകൾ വർധിക്കുന്ന സാഹചര്യത്തിൽ ഷവർമ കടകൾക്ക് ലൈസൻസ് നൽകുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം നിർദേശിച്ചു. രണ്ട് ബർണറുകളുടെ ഷവർമ മെഷീനു മാത്രമേ ഇനി പ്രവർത്തനാനുമതി നൽകുകയുള്ളൂ. പൊടിയും മാലിന്യവും കടക്കാത്ത രീതിയിൽ മൂന്നുവശത്തും ഗ്ലാസ് സ്ഥാപിച്ച് റോഡിന് അഭിമുഖമല്ലാതെ സ്ഥാപിക്കണം. നിലവിലുള്ള കടകൾക്ക് ന്യൂനതകൾ പരിഹരിക്കുന്നതിന് നോട്ടീസ് നൽകും. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണിയുടെ അധ്യക്ഷതയിൽ ചേർന്ന ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനം. മയോണൈസ് പോലെയുള്ള സാധനങ്ങൾ സമയബന്ധിതമായി മാത്രം ഉപയോഗിക്കുന്നതിന് നിർദേശം നൽകി. ബേക്കറികളിലും മറ്റു കടകളിലും ബിരിയാണി പാർസൽ നൽകുന്നത് അനുവദിക്കുകയില്ല. ഇതുസംബന്ധിച്ച് ആരോഗ്യ വിഭാഗം പരിശോധന നടത്തി ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കം നടപടി സ്വീകരിക്കും. ഹോട്ടലുകളിലും കൂൾബാറുകളിലും ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തുകയും ലൈസൻസില്ലാതെയും വൃത്തിഹീനമായ ചുറ്റുപാടിലും പ്രവർത്തിച്ച സ്ഥാപനങ്ങൾ അടച്ചുപൂട്ടിയ സാഹചര്യത്തിലുമാണ് യോഗം വിളിച്ചത്. ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ് ശുചിത്വ മാനദണ്ഡങ്ങളെപ്പറ്റി വിശദീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.ആർ. ജയചന്ദ്രൻ, കെ. ബാബു, വി.കെ. സനൽകുമാർ, ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ. അച്യുതൻ, പ്രതിനിധികളായ ജയചന്ദ്രൻ, കെ.പി. ഷാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. സാഹിറ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.