കണ്ണൂർ: ദുരന്തങ്ങളിൽ നിർമാണത്തിലിരിക്കുന്ന ലൈഫ് വീടുകൾ തകർന്നാൽ നിബന്ധനകളോടെ ഇളവ്. ലൈഫ് ഭവന പദ്ധതിയിലൂടെ നിർമിക്കുന്ന വീടുകൾ, നിർമാണത്തിനിടെ പുനർനിർമിക്കാൻ കഴിയാത്തതുപോലെ പ്രകൃതി ദുരന്തങ്ങളിൽ തകർന്നാൽ, തിരിച്ചടവിൽ നിബന്ധനകളോടെ ഇളവ് അനുവദിക്കും.
ആന്തൂർ മോറാഴയിലെ വി.വി. നിഷയുടെ അപേക്ഷ പരിഗണിച്ചാണ് തദ്ദേശ അദാലത്തിൽ മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നടത്തിയത്. ലൈഫ് -പി.എം.എ.വൈ ഭവന പദ്ധതിയിലൂടെ വീട് നിർമിക്കുന്നതിന് അനുവദിച്ച ഒന്നര ലക്ഷം രൂപയും പലിശയുമാണ് മന്ത്രി ഒഴിവാക്കി നൽകിയത്.
ലൈഫ് പി.എം.എ.വൈ പദ്ധതിയിലൂടെ നിഷ വീടിന്റെ ലിന്റൽ വരെയുള്ള പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. മൂന്ന് ഘട്ടങ്ങളിലായി ഒന്നര ലക്ഷം രൂപയും ലഭിച്ചു. എന്നാൽ, 2018ലെ പ്രളയത്തിൽ വീട് 10 മീറ്ററോളം ഇടിഞ്ഞു താഴ്ന്നു. പരിശോധന നടത്തിയ തദ്ദേശ വകുപ്പ് എൻജിനീയർ കെട്ടിടം സുരക്ഷിതമാക്കാൻ ചുരുങ്ങിയത് 16 ലക്ഷം രൂപ ചെലവിൽ സുരക്ഷാഭിത്തി നിർമിക്കേണ്ടിവരുമെന്ന് നിർദേശിച്ചതോടെ നിർമാണം നിലച്ചു.
ഭവനപദ്ധതിയിൽ നിന്ന് സഹായം ലഭിക്കുകയും കെട്ടിടം പൂർത്തിയാക്കാതിരിക്കുകയും ചെയ്താൽ വർഷം 18 ശതമാനം പലിശയോടെ സഹായമായി ലഭിച്ച തുക തിരിച്ചടക്കണം എന്നാണ് വ്യവസ്ഥ.
മത്സ്യ കച്ചവടക്കാരനായ ഭർത്താവ് സന്തോഷ് കുമാറിന്റെ വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇതിനാണ് അദാലത്തിൽ പരിഹാരമായത്. ഒന്നര ലക്ഷം രൂപയും പലിശയുമാണ് ഒഴിവാക്കി നൽകിയത്.
സമാനമായ സംഭവങ്ങളിൽ നിബന്ധനകൾക്കും പരിശോധനകൾക്കും വിധേയമായി ഇളവ് അനുവദിക്കുമെന്ന പൊതുതീരുമാനവും അദാലത്ത് കൈക്കൊണ്ടു. ബാധ്യത ഒഴിവായതിന്റെ സന്തോഷം പങ്കുവെച്ച് സർക്കാറിന് നന്ദി പറഞ്ഞാണ് നിഷ അദാലത് വേദിയിൽനിന്ന് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.