കണ്ണൂർ: പതിനായിരക്കണക്കിന് മനുഷ്യസ്നേഹികളിൽ കാരുണ്യത്തിന്റെ പ്രകാശം പരത്തിയ മാലാഖക്കുരുന്ന് അഫ്രമോൾ ഇനി സ്വർഗത്തിലെ പൂമ്പാറ്റയായി പാറിനടക്കും. കുഞ്ഞനിയൻ മുഹമ്മദിന്റെ പുഞ്ചിരി നിലനിർത്തിയ ചാരിതാർഥ്യത്തോടെയാണ് അവൾ മടങ്ങുന്നത്. ജനിതകരോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ)യെന്ന അപൂർവരോഗം തളർത്തിയ മാട്ടൂൽ പി.സി ഹൗസിൽ റഫീഖിന്റെയും മറിയുമ്മയുടെയും മകൾ അഫ്ര തിങ്കളാഴ്ച പുലർച്ചയാണ് യാത്രയായത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു നാടാകെ അവളുടെ തിരിച്ചുവരവിനായി കാത്തിരുന്നിരുന്നു.
ജനിതക വൈകല്യത്തിന് ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നു നൽകി തന്റെ കുഞ്ഞനിയൻ മുഹമ്മദിനെ രക്ഷിക്കണമെന്ന് അതേ രോഗം തളർത്തിയ വേദന മറന്ന് അഫ്ര പറഞ്ഞത് ഹൃദയംകൊണ്ടാണ് ലോകമലയാളികൾ കേട്ടത്. അസാധ്യമെന്നു കരുതിയ മരുന്നിന്റെ വില 18 കോടി രൂപ ആറുദിവസംകൊണ്ടാണ് സ്വരൂപിക്കാനായത്.
ദിവസങ്ങൾക്കുള്ളിൽ ബാങ്ക് സർവറുകൾപോലും തകരാറിലാക്കി 46.75 കോടി രൂപയാണ് ചികിത്സ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയത്. താൻ അനുഭവിക്കുന്ന വേദന അനിയനുണ്ടാകരുതെന്ന വാക്കുകൾ നാടൊന്നായി ഏറ്റെടുക്കുകയായിരുന്നു. ഓർമവെച്ച നാൾ മുതൽ ചക്രക്കസേരയിലായ അഫ്രയുടെ നന്മ ലോകം മുഴുവൻ വാഴ്ത്തി. ചലച്ചിത്ര താരങ്ങളും എഴുത്തുകാരും ജനപ്രതിനിധികളും പിന്തുണ നൽകി. തൊടിയിലിറങ്ങാനും പുറംകാഴ്ചകൾ കണ്ടുനടക്കാനുമെല്ലാം ഇഷ്ടമായ അഫ്രക്ക് കണ്ണൂർ ജില്ല പഞ്ചായത്ത് പുതിയ വീൽചെയർ സമ്മാനിച്ചത് ഈയിടെയാണ്.
സുറുമയെഴുതി പുത്തനുടുപ്പിട്ട് അത്തറും പൂശി അഫ്ര നടത്തിയിരുന്ന യാത്രകൾ ഇനി ഓർമകളാവുകയാണ്. മാട്ടൂൽ സഫ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കൂട്ടുകാരെ പേരുപറഞ്ഞ് വിളിക്കാൻ ഇനിയവളില്ല. കുഞ്ഞായപ്പോൾ മുതൽ സ്കൂളിലെത്തിയ അഫ്രയെ സ്വന്തം മകളെപോലെ നോക്കിയ ആയ ഓമനക്കും അധ്യാപകർക്കുമെല്ലാം അവൾ പ്രിയപ്പെട്ടവളായിരുന്നു. അതുകൊണ്ടുതന്നെയാണ് അവളുടെ സൗകര്യത്തിനായി ഒരു ക്ലാസ്മുറിതന്നെ പ്രിൻസിപ്പൽ താഴത്തെ നിലയിലേക്ക് മാറ്റിയത്.
സ്കൂളിന് തിങ്കളാഴ്ച അവധി നൽകി. കടൽ കാണിക്കാനും കഥ പറയാനും ഒരുക്കാനും എന്നും കൂടെയുണ്ടായിരുന്ന ഉമ്മൂമ്മ ഉമ്മുസൗദയും ഉപ്പാപ്പ ഖാലിദും കഴിഞ്ഞ വർഷമാണ് അഫ്രയോട് വിടപറഞ്ഞത്. ആ വേദന എന്നും അവൾ പങ്കുവെച്ചിരുന്നു.
അസുഖബാധിതയായി ആശുപത്രിയിൽ കിടക്കുമ്പോഴും അഫ്ര തിരിച്ചുവരുമെന്നാണ് സഹോദരി അൻസിലയും കുഞ്ഞനിയൻ മുഹമ്മദുമെല്ലാം കരുതിയത്.
അഞ്ചുദിവസം മുമ്പ് ശ്വാസതടസ്സത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പ്രതീക്ഷകളെല്ലാം അവസാനിപ്പിച്ച് മാട്ടൂലിലെ വീട്ടിൽ ചലനമറ്റ് അവളെത്തിയപ്പോൾ വൻ ജനാവലിയാണ് യാത്രയാക്കാനെത്തിയത്. മയ്യിത്ത് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.