കണ്ണൂർ: കാതടപ്പിക്കുന്ന ശബ്ദത്തിലും കണ്ണടച്ചുതുറക്കുന്ന വേഗത്തിലും കുട്ടിഡ്രൈവർമാരുടെ ചീറിപ്പാച്ചിൽ. ലൈസൻസില്ലാതെ, അതിനുള്ള പ്രായംപോലുമാകാത്ത കുട്ടികളാണ് ബൈക്കിലും കാറിലും പറപറക്കുന്നത്.
ഞായറാഴ്ച മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു കുട്ടിഡ്രൈവർമാരാണ് പിടിയിലായത്. ചേലേരി എ.യു.പി സ്കൂൾ പരിസരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറും ബൈക്കുമായി എത്തിയ രണ്ടു വിദ്യാർഥികൾ പിടിയിലായി. ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്ത എസ്.ഐ സുധാകരൻ വാഹന ഉടമകളായ രക്ഷിതാക്കൾക്കെതിരെ കേസെടുത്തു.
പ്രായപൂർത്തിയാകാത്ത കുട്ടി ഗതാഗത കുറ്റകൃത്യം ചെയ്യുമ്പോൾ രക്ഷിതാക്കളെയോ മോട്ടോർ വാഹന ഉടമയെയോ പ്രതിയാക്കി കേസെടുക്കണമെന്നാണ് വ്യവസ്ഥ. ഭീമൻ പിഴയും ഒടുക്കേണ്ടിവരും. 10,000 രൂപ മുതൽ 50,000 രൂപ വരെയാണു പിഴ ചുമത്തുന്നത്. ഒട്ടേറെ പേർക്ക് വൻതുക പിഴയായി അടക്കേണ്ടിവന്നിട്ടുണ്ട്. മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പ് ചുമത്തിയാണ് ഇത്തരം സംഭവങ്ങളിൽ കേസെടുക്കുക. ജില്ലയിൽ 20ലേറെ കേസുകളാണ് ഓരോ മാസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവർക്കും വാഹന ഉടമക്കും രക്ഷിതാക്കൾക്കുമെതിരെ ശിക്ഷാനടപടി ശിപാർശ ചെയ്യുന്ന വകുപ്പാണിത്. പിടിയിലാകുന്ന കുട്ടിക്ക് 25 വയസ്സാകുന്നതുവരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ അനുവദിക്കരുതെന്നും നിർദേശമുണ്ട്.
ലൈസൻസില്ലാതെ ബൈക്കിൽ പായുന്ന സംഭവങ്ങളേറെയും കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ചാണ്. രണ്ടിലേറെ പേരെ കയറ്റിയാണ് കുട്ടി റൈഡർമാരുടെ യാത്ര. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്ചെയ്യാൻ വിഡിയോയും ഫോട്ടോയും എടുക്കുന്നവരും ഏറെയാണ്. അമിതവേഗത്തിൽ മറ്റു വാഹനങ്ങൾക്കും കാൽനടക്കാർക്കും അപകടഭീഷണി ഉയർത്തിയാണ് ഇവരുടെ പോക്ക്. കാറുകളിൽ കറങ്ങാനിറങ്ങുന്നവും നിരവധി. കഴിഞ്ഞമാസം നാറാത്ത് ലൈസൻസില്ലാതെ വണ്ടിയോടിച്ച വിദ്യാർഥി അപകടത്തിൽ മരിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത മക്കൾ വാഹനമോടിച്ചാൽ പിടിയിലാകുന്നത് രക്ഷിതാക്കളും ആർ.സി ഉടമകളുമായിരിക്കുമെങ്കിലും ഒതുക്കിത്തീർക്കൽ പതിവാണ്. പലപ്പോഴും സമ്മർദങ്ങളെ തുടർന്ന് കേസെടുക്കാനാവാറില്ല. കുറ്റകരമാണെന്ന് അറിഞ്ഞിട്ടും രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന സംഭവങ്ങൾ ഏറെയാണ്.
അവധി ദിവസങ്ങളിലും ട്യൂഷനു പോകാനുമൊക്കെയാണ് കുട്ടികൾ വണ്ടിയുമായി ഇറങ്ങുന്നത്. പ്രധാന റോഡുകളല്ലെന്ന കാരണത്തിൽ മൗനാനുവാദം നൽകുന്ന രക്ഷിതാക്കളുമേറെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.