എടക്കാട്: നടാലിലെ അടിപ്പാതയുമായി ബന്ധപ്പെട്ട് ആരംഭിച്ച അനിശ്ചിതകാല ബസ് പണിമുടക്കിൽ കുടുങ്ങി ജനം. ബസ് സമരത്തെ തുടർന്ന് യാത്രക്കാർ വലിയതോതിൽ ദുരിതമനുഭവിക്കുകയാണ്. സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ദേശീയപാത ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
സമരത്തിൽ പങ്കെടുക്കാതെ ഓടാൻ ശ്രമിച്ച കണ്ണൂർ-തലശ്ശേരി-കോഴിക്കോട് റൂട്ടിലെ ചില ബസുകളെ സമരാനുകൂലികൾ താവക്കര ബസ് സ്റ്റാൻഡിലും കാൽടെക്സിലും തടഞ്ഞു. രാവിലെ ജോലിക്ക് പോകുന്നവരും സ്കൂൾ-കോളജ് വിദ്യാർഥികളും മറ്റു യാത്രക്കാരും ബസ് കിട്ടാതെ ദുരിതത്തിലായി. കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തിയത് ഒരു പരിധിവരെ യാത്രക്കാർക്ക് ആശ്വാസമായി.
വിദ്യാർഥികൾ കൂടുതലുള്ള മിക്ക സ്കൂളിലും ഹാജർ നില പകുതിയിലധികം കുറവാണെന്ന് ബന്ധപ്പെട്ട സ്കൂൾ അധികൃതർ അറിയിച്ചു. സമരം തുടങ്ങിയെങ്കിലും അധികൃതർ ആരുംതന്നെ ഒരു ഇടപെടലും നടത്തിയില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടാലിൽ യോഗം ചേരുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ കോഓഡിനേഷൻ കമ്മിറ്റി, തൊഴിലാളി യൂനിയനുകൾ, നടാൽ അടിപ്പാത കർമസമിതി, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ചേർന്ന സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് കണ്ണൂരിലെ ദേശീയപാത ഓഫിസിലേക്ക് മാർച്ച് നടത്തിയത്.
മാർച്ച് ഓഫിസിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് സമരക്കാർ ഓഫിസ് ഗേറ്റിന് പുറത്ത് മുദ്രാവാക്യം വിളിച്ചശേഷം ധർണ നടത്തി. കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ സത്യൻ വണ്ടിച്ചാൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ടി.ഒ. മോഹനൻ, പി. പ്രകാശൻ, വെള്ളോറ രാജൻ, ആർ. ഗിരിധരൻ, പള്ളിപ്രം പ്രസന്നൻ, ബസ് ഉടമസ്ഥ സംഘം പ്രതിനിധികളായ രാജ്കുമാർ കരുവാരത്ത്, പി.കെ. പവിത്രൻ, കെ.വി. സ്മിത തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.