തീരദേശ പരിപാലന നിയമം; മാട്ടൂൽ പഞ്ചായത്ത് സി.ആർ.സെഡ് 2 പട്ടികയിൽ

പഴയങ്ങാടി: തീരദേശ നിയന്ത്രണ മേഖലയിൽ ഇളവ് അനുവദിച്ചതോടെ മാട്ടൂൽ ഗ്രാമ പഞ്ചായത്തിനെ സി.ആർ. സെഡ് 2ൽ ഉൾപ്പെടുത്തി. ദേശീയ തീരദേശ മേഖല മാനേജ്മെന്റ് അതോറിറ്റി സി.ആർ.സെഡ് 3ൽ ഉൾപ്പെടുത്തിയ 175 പഞ്ചായത്തുകളിൽനിന്ന് 66 പഞ്ചായത്തുകളെ സി.ആർ.സെഡ് 2ൽ ഉൾപ്പെടുത്തിയതോടെയാണ് മാട്ടൂൽ പഞ്ചായത്ത് തീരദേശ കെട്ടിട പരിപാലന നിയമത്തിൽ കൂടുതൽ ഇളവിന് യോഗ്യമായ സി.ആർ.സെഡ് 2ൽ ഇടം നേടിയത്.

നഗരസഭകളോ നഗര പഞ്ചായത്തുകളോ മാത്രം ഉൾപ്പെടാവുന്നവയാണ് സി.ആർ.സെഡ് രണ്ട് എന്ന കേന്ദ്ര നിലപാടിൽനിന്നുമാറി സംസ്ഥാനത്തിന്റെ ആവശ്യത്തിനനുസൃതമായാണ് 66 പഞ്ചായത്തുകളെ സി.ആർ.സെഡ് 2 പട്ടികയിൽ മാറ്റി ക്രമീകരിച്ചത്.

പുതിയ ക്രമീകരണത്തോടെ മാട്ടൂൽ പഞ്ചായത്തിലെ തീരദേശ മേഖലകളിൽ വീടുകളടക്കുള്ള കെട്ടിട നിർമാണ മേഖലകളിലെ പ്രതിസന്ധിക്ക് വിരാമമാവും.

മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട 7.6 കി.മീ ദൈർഘ്യവും ഒരു കി.മീ വീതിയുമുള്ള ദ്വീപ് സമാനമായ ഭൂപ്രദേശായ മാട്ടൂൽ പഞ്ചായത്തിലെ രണ്ടു വാർഡുകളായ തെക്കുമ്പാടും മടക്കരയും ദ്വീപുകളാണ്.

2011ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനത്തോടെ തീരദേശ പരിപാലന നിയമം ബാധകമാക്കി മാട്ടൂൽ പഞ്ചായത്തിലെ 17 വാർഡുകളിലും ഭവന നിർമാണം അസാധ്യമാവുകയായിരുന്നു.

7.50 കി.മീറ്ററോളം കടൽത്തീരവും 25.16 കി.മീ വേലിയേറ്റ ബാധിത പുഴയും ഇതര ജലാശയങ്ങളുൾപ്പെടുന്ന പ്രകൃതിദത്തമായ ഭൂപ്രകൃതിയുമാണ് മാട്ടൂലിന്റേത്.

പഞ്ചായത്തിന്റെ വിസ്തൃതിയിൽ ഭൂരിഭാഗവും തീരദേശ നിയന്ത്രണ പരിധിയിലും ഏതാനും മേഖലകൾ വയലും അവശേഷിക്കുന്നവ ക്ലാസിഫിക്കേഷനിൽ ചതുപ്പ് നിലങ്ങളുമായതാണ് മാട്ടൂൽ നിവാസികൾക്ക് നിർമാണ പ്രവർത്തനങ്ങൾക്ക് വിനയായത്.

ഈ സാഹചര്യത്തിൽ സി.ആർ.സെഡ് പട്ടിക പുനഃപരിശോധിച്ച് മാട്ടൂൽ പഞ്ചായത്തിനെ നഗരവത്കരണ സാധ്യത, ജനസാന്ദ്രത എന്നിവ പരിഗണിച്ചും ദീപിന്റെ പ്രത്യേക പരിഗണന നൽകിയും സി.ആർ.സെഡ് 2ൽ ഉൾപ്പെടുത്തണമെന്ന് 2019ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മുഹമ്മദലി ഭരണസമിതിക്കുവേണ്ടി മുഖ്യമന്ത്രിക്കും കോസ്റ്റൽ സോൺ മാനേജ്മെന്റിനും നിവേദനം നൽകിയിരുന്നു. നിലവിലെ പ്രസിഡന്റ് കെ. ഫാരിഷയുടെ നേതൃത്വത്തിൽ ഭരണസമിതി കൂടുതൽ ഇളവുകൾക്കായി പ്രവർത്തനം തുടരവേ 2011ലെ സെൻസസനുസരിച്ചുള്ള ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ 2161ൽ കൂടുതലുള്ള കടലോര പഞ്ചായത്തുകൾക്കുള്ള ഇളവിന്റെ ബലത്തിൽ 2166 ജനസാന്ദ്രതയുള്ള മാട്ടൂൽ പഞ്ചായത്തിനെ സി.ആർ.സെഡ് 3 എ പട്ടികയിൽ ഉൾപ്പെടുത്തി ഇളവ് അനുവദിക്കുകയായിരുന്നു. ഇതോടെ കടലിലെയും പുഴയിലെയും വേലിയേറ്റ രേഖകളിൽനിന്ന് കരയിലേക്കുള്ള 50 മീറ്റർ പരിധിക്ക് പുറത്തായി നിർമാണത്തിന് അനുമതി ലഭിക്കുകയായിരുന്നു. പഞ്ചായത്തിലെ തെക്കുമ്പാട്, മടക്കര ദ്വീപുകളിൽ നോൺ ഡെവലപ്മെന്റ് സോൺ 50 മീറ്ററിൽനിന്ന് 20 മീറ്ററായി കുറക്കുകയും ചെയ്തു.

പുതിയ കരട് ഉത്തരവിൽ മാട്ടൂൽ പഞ്ചായത്തിനെ സി.ആർ.സെഡ് 2ൽ പെടുത്തിയതോടെ മുനിസിപ്പാലിറ്റി, കോർപറേഷൻ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള കെട്ടിട നിർമാണ നിയമങ്ങളാണ് ഇവിടെ ബാധകമാകുന്നത്.

തീരദേശത്ത് റോഡോ നമ്പർ നൽകിയ കെട്ടിടങ്ങളോ ഉണ്ടെങ്കിൽ കടലിലെയും കായലിലെയും ദൂരപരിധി ബാധകമല്ലാത്ത രീതിയിൽ കെട്ടിട നിർമാണം സാധ്യമാകുന്നതോടെ മാട്ടൂൽ പഞ്ചായത്ത് നിവാസികളുടെ ഭവന നിർമാണ പ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്. 

Tags:    
News Summary - Coastal Management Act; Matul Panchayat CRZ 2 List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.