കണ്ണൂർ: മഴ തുടങ്ങിയതോടെ വിപണിയിൽ വരവ് കുറഞ്ഞിട്ടും വിലയൊട്ടും കൂടാതെ തേങ്ങ. വീട്ടിലെ ഉപയോഗത്തിന് ആവശ്യക്കാർ ഏറിയിട്ടുപോലും, മാസങ്ങളായി കൂപ്പുകുത്തി നിൽക്കുന്ന നാളികേര വിലയിൽ മാറ്റമില്ല. 22 മുതൽ 23 രൂപ വരെയാണ് ഇപ്പോൾ നാളികേര വില. കൊപ്ര വില കിലോക്ക് 74 രൂപയാണ്. തെങ്ങിന് വളമിടാനും മറ്റു കൃഷിപ്പണികൾക്കും ചെലവാകുന്ന പണംപോലും തേങ്ങ വിറ്റ് കിട്ടാത്ത സ്ഥിതിയാണ്. തേങ്ങയിടാൻ തെങ്ങൊന്നിന് 40 മുതൽ 60 രൂപവരെ കൂലി കൊടുക്കണം. തേങ്ങ പെറുക്കിയിടാനും വാഹനക്കൂലിയും വേറെയും. തേങ്ങ പൊതിക്കാൻ ഒന്നിന് ഒരു രൂപ നൽകണം.
സർക്കാർ മുൻകൈയെടുത്ത് കേരഫെഡിന്റെ നേതൃത്വത്തിൽ നാളികേര സംഭരണം തുടങ്ങിയാൽ മാത്രമേ തേങ്ങ വിലയിൽ മാറ്റമുണ്ടാവൂ എന്നാണ് കർഷകർ പറയുന്നത്. കണ്ണൂർ ജില്ലയിൽ ഇപ്പോൾ രണ്ടിടങ്ങളിൽ മാത്രമാണ് തേങ്ങ സംഭരണം നടക്കുന്നത്. മുഴപ്പിലങ്ങാട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലും പേരാവൂരിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുമാണ് തേങ്ങ സംഭരിക്കുന്നത്. 32 രൂപവരെ താങ്ങുവില നിശ്ചയിച്ചാണ് സാധാരണ സർക്കാർ നാളികേരം സംഭരിക്കാറുള്ളത്. എന്നാൽ, സംഭരണ കേന്ദ്രങ്ങളിൽനിന്ന് ദൂരെയുള്ള കർഷകർക്ക് ഇത് ഉപകാരപ്പെടാറില്ല.
വാഹന വാടക തന്നെയാണ് വില്ലൻ. കൃഷിഭവനിൽ നിന്നുള്ള രസീത് നൽകിയാലേ സംഭരണ കേന്ദ്രത്തിൽ തേങ്ങ സ്വീകരിക്കുകയുള്ളൂ എന്ന നിബന്ധനയുമുണ്ട്.പിണ്ണാക്കിനും വില കുറവാണ്. കിലോക്ക് 26 രൂപയാണ് വില. ഒരു മാസം മുമ്പുവരെ 32 രുപയുണ്ടായിരുന്നു. മലേഷ്യയിൽനിന്ന് പിണ്ണാക്ക് ഇറക്കുമതിചെയ്ത്, അതിൽനിന്ന് വെളിച്ചെണ്ണയുണ്ടാക്കുന്നത് വ്യാപകമായത് തേങ്ങ വില കൂടാതിരിക്കാൻ കാരണമാവുന്നുണ്ട്. നികുതി വെട്ടിക്കാൻ വേണ്ടിയാണ് നേരിട്ട് വെളിച്ചെണ്ണ ഇറക്കാതെ പിണ്ണാക്ക് കൊണ്ടുവരുന്നത്. തമിഴ്നാട്ടിൽ നിന്ന് നിലവാരംകുറഞ്ഞ കൊപ്ര കൊണ്ടുവരുന്നതും കർഷകർക്ക് ഭീഷണിയാണ്.
കണ്ണൂരിൽനിന്ന് കൂടുതലും തേങ്ങ കയറ്റിയയക്കുന്നത് തമിഴ്നാട്ടിലേക്കാണ്. അവിടെ നല്ല വെയിൽ ലഭിക്കുന്നതിനാലും ഉൽപാദന ചെലവ് കുറവായതിനാലുമാണ് അങ്ങോട്ട് കൊണ്ടുപോകുന്നത്. കർണാടകയിലേക്കും തേങ്ങ കയറ്റിപ്പോവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.