കണ്ണൂർ: കുടുംബശ്രീക്ക് 25 വയസ്സ് പൂർത്തിയാകുമ്പോൾ വ്യത്യസ്തവും നൂതനവുമായ പദ്ധതികളുമായി വനിതാശാക്തീകരണത്തിന്റെ കാവാലാളാകാൻ ഒരുങ്ങുകയാണ് കുടുംബശ്രീ ജില്ല മിഷൻ. സംരംഭ വികസനത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.
എല്ലാ അയൽക്കൂട്ടങ്ങളിലും കുറഞ്ഞത് ഒരു സംരംഭമെങ്കിലും ആരംഭിക്കാനാണ് പദ്ധതി. അഞ്ചു വർഷത്തിനുള്ളിൽ കാൽലക്ഷം സംരംഭങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിലുണ്ടാവും. 21,593 അയൽക്കൂട്ടങ്ങളാണ് ജില്ലയിലുള്ളത്.
താഴെത്തട്ടിൽ വനിതകളെ സ്വയം പര്യാപ്തമാക്കി മികച്ച വരുമാനം ഒരുക്കുകയാണ് ലക്ഷ്യം. പുതിയ കാലത്തിനനുസരിച്ച് കുടുംബശ്രീയെ പരിഷ്കരിക്കാനാണ് ജില്ല മിഷന്റെ ശ്രമം.
ജില്ലയിൽ കേവല ദാരിദ്ര്യം ഏറെക്കുറെ അവസാനിപ്പിക്കാനായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വിനോദ, വിജ്ഞാന മേഖലകളിൽ വനിതകളുടെ ആവശ്യങ്ങൾ അറിഞ്ഞുള്ള പദ്ധതികളിലേക്കാണ് കുടുംബശ്രീ കടക്കുന്നത്. ഇതിന്റെ ഭാഗമായി ആവിഷ്കരിച്ചതാണ് കിത്താബ്, ദ ട്രാവലർ പദ്ധതികൾ. യാത്രകൾ സ്നേഹിക്കുന്ന സ്ത്രീകളെ ഒരുമിപ്പിച്ച് ടൂർ പാക്കേജ് ഒരുക്കി കേരളത്തിനകത്തും പുറത്തുമായി വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുകയാണ് ദ ട്രാവലറിന്റെ ലക്ഷ്യം. ‘കിത്താബി’ലൂടെ വായനശാലകളിലെ ചില്ലലമാരകളിൽ കിടക്കുന്ന പുസ്തകങ്ങൾ വീട്ടകങ്ങളിലേക്ക് എത്തും. അംഗങ്ങൾക്കിടയിൽ വായന സജീവമാക്കാനായി കുടുംബശ്രീ ജില്ല മിഷൻ ജില്ല ലൈബ്രറി കൗൺസിലുമായി ചേർന്നാണ് ‘കിത്താബ്’ പദ്ധതി നടപ്പാക്കുന്നത്.
കുടുംബശ്രീ എ.ഡി.എസുകൾ അവർക്കുകീഴിൽ വരുന്ന അംഗങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ പ്രാദേശിക ഗ്രന്ഥാലയങ്ങളിൽനിന്ന് സമാഹരിച്ച് അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കും. അയൽക്കൂട്ട യോഗങ്ങൾ ചേരുമ്പോൾ പുസ്തകങ്ങൾ നൽകുന്നതാണ് രീതി.
വനിതകളെ സ്വന്തം കാലിൽ നിൽക്കാനും സ്വപ്നം കാണാനും പഠിപ്പിച്ച കുടുംബശ്രീയുടെ പദ്ധതികൾ ഇരും കൈയും നീട്ടിയാണ് കണ്ണൂർ സ്വീകരിക്കുന്നത്. നവീകരിച്ചും സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങൾ സൃഷ്ടിച്ചും മഹാപ്രസ്ഥാനം പ്രയാണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.