കണ്ണൂർ: കണ്ണൂരും പിണറായി ഗ്രാമവും ആഘോഷത്തിമിർപ്പിലാകേണ്ട നിമിഷങ്ങളാണ് അടച്ചുപൂട്ടലിനെ തുടർന്ന് ഏറക്കുറെ നിശ്ശബ്ദമായി കടന്നുപോയത്. ആരവങ്ങളിലെങ്കിലും നാല് ചുമരുകൾക്കുള്ളിൽ ആവേശത്തിനും ആഘോഷത്തിനും ഒട്ടും കുറവില്ലായിരുന്നു.
ചരിത്രം കുറിച്ച് പിണറായി വിജയൻ സംസ്ഥാന ഭരണത്തിൽ രണ്ടാമൂഴത്തിന് തുടക്കംകുറിച്ചപ്പോൾ ക്യാപ്റ്റെൻറ സ്വന്തം നാട്ടിലും അതിരില്ലാത്ത ആഹ്ലാദമായിരുന്നു.
ആഘോഷങ്ങൾ പ്രധാനമായും പാർട്ടി ഓഫിസുകളും പ്രവർത്തകരുടെ വീടുകളും കേന്ദ്രീകരിച്ചായിരുന്നു. സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലും പിണറായി കൺവെൻഷൻ സെൻററിലും കോവിഡ് ചട്ടം അനുസരിച്ച് നടന്ന ആഘോഷ പരിപാടിയിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് കേക്ക് മുറിച്ചത്.
പിണറായി കൺവെൻഷൻ സെൻററിൽ ഒരുക്കിയ ബിഗ് സ്ക്രീനിൽ എം.വി. ജയരാജനടക്കമുള്ള നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങ് തത്സമയം വീക്ഷിച്ചു. പായസംവെച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചത്. മുഖ്യമന്ത്രിയുടെ നാട്ടിൽ പാർട്ടി കമ്മിറ്റികൾ ആഘോഷത്തിനായി മാറ്റിവെച്ച തുകകൊണ്ട് സ്വരൂപിച്ച ഭക്ഷ്യകിറ്റുകർ പാർട്ടി പ്രവർത്തകർ പ്രദേശത്തെ വീടുകളിൽ എത്തിച്ചുനൽകി.
മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ ജന്മനാട്ടിലും പ്രവർത്തകർ വീടുകളിലും പാർട്ടി ഓഫിസുകളിലും മധുരം പങ്കിട്ടും പടക്കം പൊട്ടിച്ചും സന്തോഷം പങ്കിട്ടു. കോവിഡ് മഹാമാരിയുടെ പിടിയില്ലായിരുന്നുവെങ്കിൽ തിരുവനന്തപുരം അക്ഷരാർഥത്തിൽ കണ്ണൂരായേനെ. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രിയുടെ നാട്ടിൽ നിന്നുള്ള ജനപ്രവാഹത്തിന് സാധ്യതയുണ്ടായിരുന്നു.
എന്നാൽ, കോവിഡ് കഴിഞ്ഞുള്ള കാലത്ത് ആഘോഷം ഗംഭീരമാക്കാമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് അവരുടെ ഇനിയുള്ള പ്രതീക്ഷ. അങ്ങനെയൊരു സുദിനത്തിനാണ് പാർട്ടി പ്രവർത്തകർ കാത്തുനിൽക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.