കണ്ണൂർ: പൊലീസിനെതിരെ തുടർച്ചയായി രൂക്ഷവിമർശനം അഴിച്ചുവിട്ട് കണ്ണൂരിലെ സി.പി.എം നേതാക്കൾ. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എം. വിജിൻ എം.എൽ.എ എന്നിവരാണ് പൊലീസിനെതിരെ രൂക്ഷമായി വിമർശനമുയർത്തിയത്. കണ്ണൂർ കലക്ടറേറ്റിലേക്ക് നഴ്സുമാർ നടത്തിയ മാർച്ചിൽ എം. വിജിൻ എം.എൽ.എയും ടൗൺ എസ്.ഐയും തമ്മിലുണ്ടായ വാഗ്വാദമാണ് ഇ.പി. ജയരാജന്റെ പൊലീസ് വിമർശനത്തിന് കാരണം. നവകേരള സദസ്സിനിടെ കല്യാശ്ശേരി മണ്ഡലത്തിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ഇടനൽകിയത് പൊലീസിന്റെ പിടിപ്പുകേടാണെന്ന് എം.വി. ജയരാജൻ. സി.പി.എം മാടായി ഏരിയ കമ്മിറ്റി നടത്തിയ രാഷ്ട്രീയവിമർശന യോഗത്തിലായിരുന്നു എം.വി. ജയരാജന്റെ പരാമർശം.
ഈ സംഭവത്തെച്ചൊല്ലി പഴയങ്ങാടി എസ്.ഐക്കെതിരെ സി.പി.എം മാടായി ഏരിയ സെക്രട്ടറി പി. വിനോദും അതിരൂക്ഷമായ പരാമർശങ്ങൾ നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള സദസ്സിനുനേരെ ആദ്യം പ്രതിഷേധമുയർന്നത് കല്യാശ്ശേരിയിലാണ്. പ്രതിഷേധക്കാരെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും ചെടിച്ചട്ടികളും ഹെൽമറ്റുമുപയോഗിച്ച് മർദിച്ചതും പിണറായി ഇതിനെ ‘ജീവൻരക്ഷ പ്രവർത്തന’മെന്ന് വിശേഷിപ്പിച്ചതും വലിയ വിവാദമായി. ഇതിനെതുടർന്നാണ് കേരളത്തിലുടനീളം നവകേരള സദസ്സിനോടനുബന്ധിച്ച് പ്രതിഷേധവും സംഘർഷവും അരങ്ങേറിയത്.
കണ്ണൂരിൽ വ്യാഴാഴ്ച നഴ്സസ് അസോസിയേഷൻ നടത്തിയ മാർച്ച് തടയാൻ പൊലീസുകാരില്ലാത്തതിനാൽ കലക്ടറേറ്റ് വളപ്പിലേക്ക് കടന്നതാണ് പൊലീസും എം.എൽ.എയും തമ്മിൽ ഉരസാൻ കാരണമായത്. ഉദ്ഘാടകനായെത്തിയ എം. വിജിൻ എം.എൽ.എയോട് വൈകിയെത്തിയ എസ്.ഐ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ് പ്രകോപനമായത്. ‘തന്നോട് സുരേഷ് ഗോപി കളിക്കാൻ വരേണ്ടെന്ന്’ കയർക്കുന്ന വിജിന്റെ വിഡിയോ വൈറലായി. എസ്.ഐ അപമാനിച്ചെന്ന് കാണിച്ച് വിജിൻ കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്കും ഡി.ജി.പിക്കും പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമീഷണർ ഉത്തരവിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള പൊലീസിനെതിരെ സി.പി.എം നേതാക്കളുടെ രൂക്ഷ പ്രതികരണം ഇതിനകം ചർച്ചയായിട്ടുണ്ട്.
ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്
എം.എൽ.എയോട് പെരുമാറുന്നതുപോലെയല്ല പൊലീസ് വിജിനോട് പെരുമാറിയത്. വിജിൻ അൽപം ശബ്ദമുയർത്തിയതല്ലാതെ മോശമായി ഒന്നും പ്രതികരിച്ചിട്ടില്ല. സർക്കാറിനെ അപകീർത്തിപ്പെടുത്താനാണ് പൊലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചത്. എം.എൽ.എയെ അറിയാത്ത പൊലീസാണ് കണ്ണൂരിലേത്. എം.എൽ.എയോട് ആരാണെന്ന് പേര് ചോദിക്കുകയാണ് പൊലീസ് ചെയ്യുന്നത്. സമരക്കാരെ തടഞ്ഞതിലുള്ള വീഴ്ച മറക്കാൻ മനഃപൂർവം പ്രകോപനമുണ്ടാക്കിയതാണ്. എം.എൽ.എയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം.എം. വിജിൻ എം.എൽ.എ
പ്രകോപനമുണ്ടാക്കിയത് എസ്.ഐ ആണ്. പൊലീസ് സേനക്ക് ചീത്തപ്പേരുണ്ടാക്കുന്നത് ഇതുപോലുള്ള ഉദ്യോഗസ്ഥരാണ്. സിനിമ സ്റ്റൈലിൽ, ഭീഷണിപ്പെടുത്തിയപ്പോഴാണ് പ്രതികരിച്ചത്. പൊലീസ് ഉദ്യോഗസ്ഥ തന്റെ പേര് ചോദിച്ചതല്ല പ്രശ്നം. മോശമായി പെരുമാറിയതാണ്. കലക്ടറേറ്റിലേക്ക് മാർച്ചുണ്ടെന്ന് അറിഞ്ഞിട്ടും ആവശ്യത്തിന് പൊലീസുകാരെ വിന്യസിക്കാതെയാണ് എസ്.ഐ വന്ന് അപമാനിക്കാൻ ശ്രമിച്ചത്.
- എം.വി. ജയരാജൻ പൊതുയോഗത്തിൽ പറഞ്ഞത്
നവകേരള സദസ്സ് കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന ബസിന് മുന്നിലേക്ക് ചാവേറുകളായി ചാടിവീണ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം തടയാൻ പൊലീസിനായില്ല. പൊലീസിലെ ഉത്തരവാദിത്തമില്ലാത്ത ചില ഉദ്യോഗസ്ഥർക്ക് പറ്റിയ പാളിച്ചയാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് അവസരമൊരുക്കിയത്. രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ പോവുന്ന കോൺഗ്രസ് നേതാക്കളെ തടയാൻ യൂത്ത് കോൺഗ്രസിന്റെ ഇവിടത്തെ ചാവേറുകൾക്ക് കഴിയുമോ? എങ്കിൽ അവിടെ ഡ്യൂട്ടിയെടുക്കാൻ പഴയങ്ങാടി എസ്.ഐയെ പറഞ്ഞയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.