കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പ്രകാരം നടത്താനും പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കുന്നതിനും ചീഫ് ഇലക്ടറല്‍ ഓഫിസറുടെ ഉത്തരവ്. പരസ്യ പ്രചാരണ ബോര്‍ഡുകള്‍, ഹോര്‍ഡിങ്സുകള്‍ തുടങ്ങിയവക്ക് പ്ലാസ്റ്റിക്, പി.വി.സി വസ്തുക്കള്‍ എന്നിവക്കുപകരം പുനഃചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടിതോരണങ്ങള്‍ പൂര്‍ണമായും പ്ലാസ്റ്റിക്, പി.വി.സി മുക്തമാക്കണമെന്നും നിര്‍ദേശിച്ചു.
പ്രചാരണങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹര്‍ദമായി നടത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന് അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച് ബോധവത്കരണം നടത്തണം. പോളിങ് ഉദ്യോഗസ്ഥനും ഏജന്റുമാരും ഭക്ഷണ പദാർഥങ്ങള്‍, കുടിവെള്ളം തുടങ്ങിയവ കൊണ്ടുവരാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെയ്നറുകളും പരമാവധി ഒഴിവാക്കണം.
തെരഞ്ഞെടുപ്പിനുശേഷം തദ്ദേശ സ്ഥാപനങ്ങള്‍, ഹരിതകേരള മിഷന്, ശുചിത്വ മിഷന്, സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് കാമ്പയിന് സാമഗ്രികള്‍ നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി നല്കുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ് /രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കുന്ന സ്ലിപ്പുകള്‍ എന്നിവ പോളിങ് ബൂത്തിന്റെ പരിസരങ്ങളില്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കണം. ഇതിനായി ഇവ ശേഖരിച്ച് കലക്ഷന്‍ സെന്ററുകളില്‍ എത്തിച്ച് സ്ട്രാപ് ഡീലേഴ്സിനു കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.