കണ്ണൂർ: പ്രായമായ മാതാവിനും കുടുംബത്തിനും വീടിന് പുറത്തിറങ്ങാൻ കഴിയാത്തവിധം സർവേ കുറ്റികളും വൈദ്യുതി തൂണുകളും സ്ഥാപിച്ച വൈദ്യുതി വകുപ്പിനെതിരെ മനുഷ്യാവകാശ കമീഷൻ നടപടി. തളിപ്പറമ്പ് പുളിമ്പറമ്പിൽ കെ.എസ്.ഇ.ബി റോഡിനോട് ചേർന്നുകിടക്കുന്ന സ്ഥലത്ത് താമസിക്കുന്ന വി. ഇന്ദിര സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമീഷൻ കേസെടുത്തത്.
വലതുകണ്ണിന് കാഴ്ചയും നടുവിന് സ്വാധീനവുമില്ലാത്ത 91 വയസ്സുള്ള മാതാവും ഇന്ദിരക്കൊപ്പമാണ് താമസം. വീടിന് പുറത്തിറങ്ങാൻ കഴിയാത്തതരത്തിൽ ഗേറ്റിെൻറ മധ്യഭാഗത്ത് സർവേ കുറ്റികൾ സ്ഥാപിക്കുകയും ഗേറ്റിന് കുറുകെ പോസ്റ്റുകളിടുകയും ചെയ്ത വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർക്കെതിരെയാണ് കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.
അത്യാഹിതഘട്ടങ്ങളിൽ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിയില്ലെന്നും ഗേറ്റ് സ്ഥാപിക്കുമ്പോൾ വൈദ്യുതി ബോർഡിനോട് അനുവാദം ചോദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. വൈദ്യുതി ബോർഡ് അസി. എൻജിനീയർ അജയകുമാറിെൻറ നേതൃത്വത്തിൽ വഴി തടസ്സപ്പെടുത്തിയെന്നാണ് പരാതി.
സംഭവത്തിൽ വൈദ്യുതി ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ കണ്ണൂർ 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. വഴിക്ക് തടസ്സമായ പോസ്റ്റുകളും കുറ്റിയും മാറ്റുന്നതിനായി അസി. എൻജിനീയറെ സമീപിച്ചപ്പോഴെല്ലാം തങ്ങളെ അപമാനിച്ചതായി പരാതിയിൽ പറയുന്നു. കേസ് അടുത്ത മാസം കണ്ണൂരിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.