ഇരിട്ടി: കൊല്ലം നെടുമൺകാവ് ആറ്റിൽ കുളിക്കാനിറങ്ങവേ പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ച കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളജ് അവസാന വർഷ വിദ്യാർഥി തില്ലങ്കേരിയിലെ കെ.പി. മുഹമ്മദ് റിസാന് (21) നാടിെൻറ അന്ത്യാഞ്ജലി. ഞായറാഴ്ച പാരിക്കാപള്ളി മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹ പരിശോധനക്ക് ശേഷം ഒരു മണിയോടെ കൊല്ലം എൻജിനീയറിങ് കോളജിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന് രാത്രി പത്തരയോടെ തില്ലങ്കേരിയിലെ വീടായ ബൈത്തുനൂറിൽ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ഒരുനോക്ക് കാണിച്ചശേഷം തില്ലങ്കേരി ജുമാമസ്ജിദ് കോമ്പൗണ്ടിൽ പൊതുദർശനത്തിനുവെച്ചു. രാത്രി 11ഓടെ കാവുമ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
നാടിെൻറ നാനാതുറകളിലുള്ള നൂറുകണക്കിനാളുകളാണ് റിസാന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, ചന്ദ്രൻ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസൽ, കരീം ചേലേരി, അൻസാരി തില്ലങ്കേരി, ഇ.പി. ഷംസുദ്ദീൻ, ടി. കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നജീദ സാദിഖ്, പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീമതി, വൈസ് പ്രസിഡൻറ് അണിയേരി ചന്ദ്രൻ, അബ്ദുൽ റഹ്മാൻ കല്ലായി, പി.കെ. മുഹമ്മദ്, മുഹമ്മദ് സിറാജ്, ഷാജഹാൻ മിസ്ബാഹി, ശാഫി ഹുദവി, ഇബ്രാഹിം മുണ്ടേരി, കെ. സാദിഖ്, ടി.കെ. മുഹമ്മദലി, നസീർ നെല്ലൂർ, പി.കെ. കുട്ട്യാലി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
കൊല്ലം നെടുമൺകാവ് ആറ്റിൽ കുളിക്കാനെത്തിയ കോളജിലെ സഹപാഠികളായ അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ശനിയാഴ്ച വൈകീട്ട് ഷോക്കേറ്റ് മരിച്ചത്. റിസാനെ കൂടാതെ കാസർകോട് ബേക്കലിലെ എം.എസ്. അർജുനും മരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് മുഹമ്മദ് റിസാൻ തില്ലങ്കേരിയിലെ വീട്ടിൽനിന്ന് കോളജിലേക്ക് പോയത്.
Also Read
കാൽവഴുതിയ റിസ്വാൻ പിടിച്ചത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ; സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അർജുനും ഷോക്കേറ്റു
ഓയൂർ (െകാല്ലം): നെടുമൺകാവിൽ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് ആറ് സന്ദർശിക്കാനെത്തിയപ്പോൾ. നെടുമൺകാവ് വാക്കനാട് കൽച്ചിറ പള്ളിക്ക് സമീപമുള്ള ആറ്റിലേക്കായിരുന്നു അഞ്ചുപേരടങ്ങിയ സംഘം എത്തിയത്. നാലാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ കണ്ണൂര്‍ തില്ലങ്കേരി സി.എച്ച്.എം.എച്ച്.എസ്.എസ് ക്ലർക്ക് ബൈത്തുല്‍ നൂറില്‍ തണലോട്ട് കബീർ-റംല ദമ്പതികളുടെ മകൻ കെ.പി. മുഹമ്മദ് റിസ്വാൻ (21), കാസർകോട് ബേക്കല്‍ ഫോര്‍ട്ട് കൂട്ടിക്കനി ആരവത്തില്‍ റിട്ട. അധ്യാപകൻ പി. മണികണ്ഠൻ- പി.വി. സുധ ദമ്പതികളുടെ മകന്‍ എം.എസ്. അർജുൻ (21) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് 4.45ഓടെയാണ് അഞ്ചുപേരും സ്ഥലത്തെത്തിയത്. സുഹൃത്തുക്കളായ കാസർകോട് സ്വദേശികളായ ശ്രീപാദ് (21), ഷാഹിൽ (21), എറണാകുളം ആലുവ സ്വദേശി താരിഖ് (21) എന്നിവരാണ് കൂട്ടത്തിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ.
നെടുമൺകാവ് ജങ്ഷനിലെ സുരേഷ്കുമാറിന്‍റെ ഓട്ടോയിലാണ് ഇവർ കൽച്ചിറ പള്ളിക്ക് സമീപമെത്തിയത്. അപരിചിതരായ വിദ്യാർഥികളോട് ആറിൽ വെള്ളം കൂടുതലാണെന്നും സൂക്ഷിക്കണമെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. കൽച്ചിറ പള്ളിക്ക് പിറകുവശത്തെ പടവുകളിലൂടെ ഇറങ്ങിയ യുവാക്കൾ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നത് കണ്ട് തിരികെ കയറി. പിറകിലായി വന്ന റിസ്വാൻ കാൽവഴുതിയപ്പോൾ, സ്റ്റേ കമ്പി എന്ന് തോന്നിച്ച വൈദ്യുതി ലൈനിൽ കയറിപ്പിടിക്കുകയായിരുന്നു. ഇത് കണ്ട അർജുൻ സമീപത്തെ കാട്ടിൽനിന്ന് കമ്പ് ഒടിച്ച് അടിച്ചെങ്കിലുംറിസ്വാന്റെ പിടിവിടുവിക്കാൻ കഴിഞ്ഞില്ല. തുടർന്ന് കൈകൊണ്ട് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ അർജുനും ഷോക്കേൽക്കുകയായിരുന്നു.
മറ്റുള്ളവർ ശബ്ദം കേട്ട് തിരിഞ്ഞുനോക്കവെയാണ് സുഹൃത്തുക്കൾ അപകടത്തിൽപെട്ടത് കണ്ടത്. ബഹളം കേട്ട് ഒാടിയെത്തിയ നാട്ടുകാർ കെ.എസ്.ഇ.ബി ഓഫിസിൽ വിളിച്ചുപറഞ്ഞാണ് വൈദ്യുതി വിച്ഛേദിച്ചത്. 5.30ഓടെ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.