കണ്ണൂര്‍: രാജ്യത്തെ ആദ്യ ഫയർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂരിൽ ഒരുങ്ങുന്നു. ഫയർ സയൻസ് വിഷയങ്ങളിൽ പി.ജി, പി.ജി ഡിപ്ലോമ കോഴ്സുകളാണ് ആദ്യഘട്ടത്തിൽ നൽകുക. തുടർന്ന് സ്ഥാപനത്തിനെ അഗ്നിരക്ഷാ റീജനല്‍ അക്കാദമി കം റിസർച് സെന്ററായി ഉയർത്തും.
ബി.എസ് സി ബിരുദം പൂർത്തിയാക്കിയവർക്ക് ഫയർ സയൻസിൽ ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കേരള ഫയർഫോഴ്സിന്റെ നേതൃത്വത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്. നിലവിൽ ഫയർ ആൻഡ് സേഫ്റ്റിയിൽ ബി.ടെക് കോഴ്സുകളാണ് കുസാറ്റ് അടക്കമുള്ള രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്ന് നൽകുന്നത്.
ഫയർ സയൻസിൽ ബിരുദാനന്തര ബിരുദ പഠനം നൽകുന്ന രാജ്യത്തെത്തന്നെ ആദ്യ സ്ഥാപനമാണ് ചക്കരക്കല്ല് പൊലീസ് സ്റ്റേഷന് പരിധിയിലെ മുഴപ്പാലയില്‍ പൊലീസിന്റെ അധീനതയിലുള്ള നാലേക്കറിലധികം വരുന്ന സ്ഥലത്ത് തുടങ്ങുന്നത്. 2021ലാണ് ഇതുസംബന്ധിച്ച് സർക്കാർ തലത്തിൽ തീരുമാനമാകുന്നത്.
തുടർന്ന് അന്നത്തെ ഫയര്‍ഫോഴ്സ് ഡി.ജി.പിയായിരുന്ന ബി. സന്ധ്യയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പൊലീസിന് കീഴിലുള്ള സ്ഥലം ഫയർഫോഴ്സിന് വിട്ടുനൽകി ഈ ഫെബ്രുവരി 15ന് ഉത്തരവായി. ഇൻസ്റ്റിറ്റ്യൂട്ടിന് കെട്ടിട നിർമാണത്തിനടക്കം ഒരു കോടി സർക്കാർ ഈ ബജറ്റിൽ നീക്കിവെച്ചിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യഘട്ടത്തിൽ പി.ജി, പി.ജി ഡിപ്ലോമ കോഴ്സുകളാണ് നൽകുക. എം.എസ് സി ഫയര്‍ സയന്‍സ്, പി.ജി ഡിപ്ലോമ ഇന്‍ ഫയര്‍ സയന്‍സ്, പി.ജി ഡിപ്ലോമ ഇന്‍ ഫയര്‍ ടെക്നോളജി എന്നീ മൂന്ന് കോഴ്സുകളായിരിക്കും ആദ്യഘട്ടത്തിൽ ആരംഭിക്കുക. രാജ്യത്തെ ഏത് സർവകലാശാലയിൽ നിന്നും ബി.എസ്.സി ബിരുദം പൂർത്തിയാക്കിയവർക്ക് കോഴ്സിന് അപേക്ഷിക്കാം.
ക്ലാസുമായി ബന്ധപ്പെട്ട സിലബസ് തൃശൂര്‍ ഫയർ അക്കാദമിയിൽനിന്നാണ് തയാറാക്കുന്നത്. വാട്ടര്‍ റെസ്ക്യൂ റീജനല്‍ ഓഫിസര്‍ക്കാണ് ചുമതല. കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)യുടെ കീഴിലാണ് കോഴ്സ് ആരംഭിക്കുക. സിലബസ് തയാറായതിന് ശേഷം സര്‍വകലാശാല സെനറ്റിന്റെ അംഗീകാരത്തിന് സമർപ്പിക്കും.
ഫയർ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കോഴ്സ് ജയിച്ച് പുറത്തുവരുന്നവർക്ക് ഫയർഫോഴ്സ് അടക്കമുള്ള വകുപ്പുകളിൽ സേനയിൽ തിരഞ്ഞെടുപ്പിൽ മുൻഗണന നൽകും. ഫയർ സയൻസിൽ പി.ജി കോഴ്സ് നൽകുന്ന രാജ്യത്തെ ആദ്യ സ്ഥാപനമാണ് കണ്ണൂരിൽ ഒരുങ്ങുന്നത്. സ്ഥലം ഫയർഫോഴ്സിന് ലഭ്യമായ സ്ഥിതിക്ക് ബജറ്റിൽ വകിയിരുത്തിയ ഒരു കോടി ഉപയോഗിച്ച് കെട്ടിട നിർമാണത്തിനുള്ള പ്രവൃത്തി ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.