പായം രക്തസാക്ഷികളുടെ

സ്മരണക്കായി നിർമിച്ച സ്തൂപം

പായം;പട്ടിണി മാറ്റാനുള്ള കർഷകപോരാട്ടത്തിന്റെ ഭൂമിക

ഇരിട്ടി: 1946-48 കാലഘട്ടത്തിൽ വടക്കേ മലബാറിലാകെ ആഞ്ഞടിച്ച കർഷകസമര പോരാട്ടങ്ങളിലെ ജ്വലിക്കുന്ന ഏടാണ് പായം കർഷകസമരം.

ഭക്ഷ്യക്ഷാമം കൊടുമ്പിരികൊണ്ട 1946-48 കാലത്ത് കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നതിന് പി.സി.സികളെ ചുമതലപ്പെടുത്തിയിരുന്നു. പായം പ്രദേശത്ത് നെല്ല് സംഭരിക്കാൻ ചുമതലയുണ്ടായിരുന്ന പി.സി.സി ഏജന്റ് സംഭരിച്ച നെല്ല് കരിഞ്ചന്തയിൽ വിൽപന നടത്തുകയായിരുന്നു. പട്ടിണിയിലായ കർഷകരും കർഷകത്തൊഴിലാളികളും ഇതിനെതിരായി പ്രതിഷേധം സംഘടിപ്പിക്കുകയും സംഭരിച്ച നെല്ല് പിടിച്ചെടുത്ത് പട്ടിണിയിലായവർക്ക് വിതരണം ചെയ്യുകയും ചെയ്തതോടെയാണ് ഉജ്ജ്വലമായ കർഷകസമരത്തിന് തുടക്കമാകുന്നത്. കർഷകസംഘത്തിന്റെ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പങ്കെടുത്തവരെ ജന്മിഗുണ്ടകൾ ആക്രമിക്കാൻ ആരംഭിച്ചതോടെ ജന്മിയുടെ വീട് കർഷകർ വളഞ്ഞു. കർഷകരിൽനിന്ന് എഴുതിവാങ്ങിയ പ്രോമിസറി നോട്ടുകൾ പിടിച്ചെടുത്ത് തിരികെ നൽകി. ജന്മിമാർ സൂക്ഷിച്ചിരുന്ന തോക്കുകളും കർഷകർ പിടിച്ചെടുത്തു. ഇതോടെ ജന്മിമാരുടെ ഗുണ്ടകളും എം.എസ്.പിക്കാരും ചേർന്ന് കർഷകസമര പോരാളികളെ വേട്ടയാടാൻ തുടങ്ങി. പായം സ്കൂളിൽ ക്യാമ്പ് ചെയ്ത എം.എസ്.പിക്കാർ 64 വീടുകളാണ് അഗ്നിക്കിരയാക്കിയത്. ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെട്ട് പായം പൂന്തുരുട്ടിക്കുന്നിലാണ് പോരാളികൾ അഭയംതേടിയത്. പായം കവലയിൽനിന്ന് പിടിച്ചെടുത്ത തോക്കുകൾ ഉപയോഗിച്ച് കർഷകരും ചെറുത്തുനിന്നു.

പൂന്തുരുട്ടിക്കുന്നിൽനിന്ന് പലഭാഗങ്ങളിലേക്ക് പിരിഞ്ഞുപോയ കർഷകസമര പോരാളികളെ വിവിധ സ്ഥലങ്ങളിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ ക്രൂരമായ മർദനങ്ങൾക്ക് വിധേയമായി എ.കെ. കുഞ്ഞിരാമൻ, കോരൻ ഗുരുക്കൾ, മയിലപ്രവൻ നാരായണൻ നമ്പ്യാർ, പി.സി. കുഞ്ഞിരാമൻ, ഞങ്ങാടി കുഞ്ഞമ്പു എന്നിവർ സേലം ജയിലിലെ വെടിവെപ്പിൽ രക്തസാക്ഷികളായി.

പായം കർഷകസമര ചരിത്രത്തിന്റെ സ്മരണകളുണർത്തുന്ന പൂന്തുരുട്ടിക്കുന്ന് വിലക്ക് വാങ്ങുകയും അവിടെ പായം രക്തസാക്ഷികളുടെ സ്മരണയ്ക്കായി പഠന സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഓരോ ഗ്രാമത്തിനും ഇടമുണ്ട്. അത്തരം പോരാട്ടങ്ങളുടെ ഓർമപ്പെടുത്തലുമായാണ് പായത്തിന് ഓരോ സ്വാതന്ത്ര്യദിനവും കടന്നുപോകുന്നത്.

Tags:    
News Summary - freedom struggle memories payam kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.