കണ്ണൂർ: കേരള നിയമസഭ രൂപവത്കൃതമായതിനുശേഷം കണ്ണൂർ കടന്ന് നിയമസഭയിലെത്തിയത് മൂന്ന് വനിതകൾ മാത്രം. ജില്ലയിലെ മണ്ഡലങ്ങളുടെ പുനർ നിർണയത്തിന് മുമ്പും ശേഷവും ആകെ 79 എം.എൽ.എമാരാണ് ജനഹിതം നേടി നിയമസഭയിലെത്തിയത്. ഇതിൽ ഏകദേശം മൂന്ന് ശതമാനം മാത്രമാണ് വനിത പ്രാതിനിധ്യം.
ജയിച്ച മൂന്ന് വനിത എം.എൽ.എമാരും സി.പി.എം പ്രതിനിധികളായിരുന്നു. പി. ദേവൂട്ടി, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരാണവർ. ഇതിൽ പി.കെ. ശ്രീമതി എം.പിയും മന്ത്രിയുമായി. കെ.കെ. ശൈലജയും മന്ത്രിപദം അലങ്കരിച്ചു.
ജില്ലയിലെ ആദ്യത്തെ വനിത എം.എൽ.എ ആറും ഏഴും കേരള നിയമസഭകളിൽ അഴീക്കോട് മണ്ഡലത്തെ പ്രതിനിധാനംചെയ്ത പി. ദേവൂട്ടിയായിരുന്നു. സി.പി.എം പ്രതിനിധിയായാണ് രണ്ടു തെരഞ്ഞെടുപ്പുകളിലും ഇവർ മത്സരിച്ചത്.
അഴീക്കോട്ട് 1980ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടി.വി. നാരായണനെ 14,483 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ആദ്യം നിയമസഭാംഗമാകുന്നത്. തുടർന്ന് രണ്ടുവർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിലും പി. ദേവൂട്ടി തന്നെ മത്സരിച്ചു. 10,456 വോട്ടിെൻറ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ പി. നാരായണനെ തോൽപിച്ചു.
കെ.എസ്.ആർ.ടി.സി സംസ്ഥാന ഉപദേശക അംഗം, മഹിള ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സെക്രട്ടറി, ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ ജോ. സെക്രട്ടറി എന്നീ നിലകളിലും ഇവർ പ്രവർത്തിച്ചിരുന്നു.
2001, 2006 വർഷങ്ങളിൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്നാണ് പി.കെ. ശ്രീമതി എം.എൽ.എയാകുന്നത്. 2006ലെ എൽ.ഡി.എഫ് മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയുമായി. 1995 മുതൽ 1997വരെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറായും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2016ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എം.പിയുമായി. പേരാവൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളെ പ്രതിനിധാനംചെയ്ത് മൂന്ന് തവണയാണ് കെ.െക. ശൈലജ എം.എൽ.എയായത്.
2016ലെ പിണറായി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയുമായി. ഇൗ നിയമസഭ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് ഇവർ ജനവിധി തേടുന്നുണ്ട്. ആറ് വനിതകൾ ഇക്കുറിയും ജില്ലയിലെ വിവിധ മണ്ഡങ്ങളിൽ മത്സരരംഗത്തുണ്ടെങ്കിലും ഇതിൽ കെ.കെ. ശൈലജക്ക് മാത്രമാണ് വിജയസാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.