കണ്ണൂർ: നഗരത്തിലെ ഹോട്ടലുകളിൽനിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. ആറ് ഹോട്ടലുകളിലാണ് വെള്ളിയാഴ്ച രാവിലെ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. അശോക ഹോസ്പിറ്റൽ ജങ്ഷനിലെ സിറ്റി ലൈറ്റ്, കോർപറേഷൻ ഓഫിസിനു സമീപത്തെ സുചിത്ര ഹോട്ടൽ എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
എട്ട് ഭക്ഷണപദാർഥങ്ങളാണ് പരിശോധിച്ചത്. സിറ്റി ലൈറ്റിൽനിന്ന് ന്യൂഡിൽസ്, നെയ്ച്ചോർ, ചിക്കൻ 65, ചിക്കൻചില്ലി, തന്തൂരി ചിക്കൻ, ചോറ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. സുചിത്ര ഹോട്ടലിൽ തലേദിവസത്തെ ചോറും പിടിച്ചെടുത്തു. ഒരുപാട് തവണ ഉപയോഗിച്ചതാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുന്ന തരത്തിലുള്ള മൂന്ന് ലിറ്റർ പാചക എണ്ണയും പിടിച്ചെടുത്തതായി ഹെൽത്ത് സൂപ്പർവൈസർ ബൈജു പറഞ്ഞു.
ചിക്കൻ വറുത്തെടുക്കാൻ ഉപയോഗിക്കുന്നതാണിത്. വറുത്തതിന്റെ അവശിഷ്ടങ്ങൾ എടുത്തുകളഞ്ഞശേഷം കുഴമ്പുരൂപത്തിലായ എണ്ണ കളയാതെ സൂക്ഷിച്ചുവെക്കുകയാണെന്ന് സൂപ്പർ വൈസർ പറഞ്ഞു. ഹോട്ടലുകൾക്ക് നോട്ടീസ് നൽകി പിഴയീടാക്കും. പിടിച്ചെടുത്ത സാധനങ്ങൾ കോർപറേഷൻ ഓഫിസിലെത്തിച്ചു. കൈലാസ് ഹോട്ടൽ, സൂര്യസിൽക്സിന് സമീപം എണ്ണക്കടി വിൽപന നടത്തുന്ന കട എന്നിവ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി താൽക്കാലികമായി പൂട്ടിച്ചു.
ചില സ്ഥാപനങ്ങളിൽനിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടികൂടി. കണ്ണൂർ നഗരത്തിൽ നേരത്തെയും വിവിധ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. ആരോഗ്യ വിഭാഗം ഏഴ് സ്ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ 58 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. പരിശോധനയിൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി. സജ്ല, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ആർ. ഫിയാസ്, രേഷ്മ രമേശൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.