ഇരിട്ടി: കാലവർഷം കനക്കുന്നതോടെ ഉളിക്കൽ പഞ്ചായത്തിൽ നാട്ടുകാർ നിർമിച്ച മൂന്നുപാലങ്ങൾ വെള്ളത്തിനടിയിലാവുമോയെന്ന് ആശങ്ക. നിരവധി അപകടങ്ങൾ നടന്നിട്ടും കൈവരിപോലുമില്ലാത്ത പാലങ്ങളിലൂടെയുള്ള സാഹസിക യാത്രയിലാണ് ഇതുവരെ മലയോര ജനത.
എല്ലാ തെരഞ്ഞെടുപ്പു കാലത്തും പുതിയ പാലമെന്ന വാഗ്ദാനം നൽകുന്ന രാഷ്ട്രീയ പാർട്ടികൾ പിന്നെ തിരിഞ്ഞുനോക്കാറില്ല. നിരവധി ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കങ്ങളും തരണം ചെയ്ത പാലങ്ങളുടെ കൈവരികൾ തകർന്ന നിലയിലാണ്. ഒഴുകി എത്തുന്ന കൂറ്റൻ മരങ്ങൾ പാലത്തിലിടിച്ച് തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുമുണ്ട്.
ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ് ചപ്പാത്ത് പാലം, വട്ടിയാംതോട് പാലം, വയത്തൂർ പാലം എന്നിവയാണ് മഴക്കാലം തുടങ്ങിയാൽ വെള്ളത്തിനടിയിലാകുന്നത്.
മണിക്കടവ് ചപ്പാത്ത് പാലത്തിൽ വെള്ളം കയറിയാൽ പുഴയുടെ ഗതി അറിയാതെ ഇറങ്ങുന്ന വാഹനങ്ങൾ അപകടത്തിൽപെടുന്നത് സാധാരണമാണ്. നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലുണ്ടായ ജീപ്പ് അപകടം ഇതിന് ഉദാഹരണമാണ്.
30 വർഷം മുമ്പ് ജനകീയ കൂട്ടായ്മയിൽ ഉണ്ടാക്കിയ വട്ടിയാംതോട് പാലം തകർച്ച നേരിടാൻ തുടങ്ങിയിട്ട് കാലങ്ങളായി.
പുതിയ പാലം വേണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പാലം നിർമാണത്തിന് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. എന്നാൽ, അനന്തര നടപടികൾ മാത്രം ഉണ്ടായില്ല. വയത്തൂർ പാലവും മഴയൊന്നു പെയ്താൽ അക്കരെ, ഇക്കരെ കടക്കാൻ പറ്റാത്ത സ്ഥിതിയിലാണ്.
മണിക്കടവ് ഹയർ സെക്കൻഡറി സ്കൂൾ, ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വയത്തൂർ യു.പി സ്കൂൾ, മറ്റ് സ്കൂളുകൾ, കോളജ്, ഓഫിസുകൾ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടേണ്ട ജനങ്ങൾ മഴയുടെ കനിവുകാത്തു കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.