ഇരിട്ടി: മലയോര മേഖലയിലെ വനാന്തരങ്ങളിൽ തമ്പടിച്ച മാവോവാദികൾക്കായി തിരച്ചിൽ നടത്തുന്നതിനും നേരിടുന്നതിനുമായി തണ്ടർബോൾട്ടിന് ബുള്ളറ്റ് പ്രൂഫ് വാഹനമെത്തി. മാവോവാദികൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതിന് പിന്നാലെ തിരച്ചിൽ ഊർജിതമാക്കുന്നതിനായാണ് വാഹനം കരിക്കോട്ടക്കരി സ്റ്റേഷനിലെത്തിയത്. അടുത്തു തന്നെ ഇത് തണ്ടർ ബോൾട്ടിന്റെ ഭാഗമാവും.
ദുർഘടമായ വഴിയിലൂടെ എളുപ്പത്തിൽ കയറിപ്പോകാൻ കഴിയുന്നതും വാഹനത്തിനുള്ളിൽനിന്നുകൊണ്ട് മാവോവാദികളുടെ അക്രമണത്തെ പ്രതിരോധിക്കാനും വെടിയുതിർക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും. വയനാട്ടിൽ നിന്നും പൊലീസുമായുള്ള വെടിവെപ്പിനിടയിൽ രക്ഷപ്പെട്ട അഞ്ചംഗ മാവോവാദി സംഘത്തിലെ മൂന്ന് പേരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കി.
കർണാടക ആന്റി നക്സൽഫോഴ്സ് (എ.എൻ.എഫ്), തമിഴ്നാട് ക്യൂ ബ്രാഞ്ച് എന്നിവരുടെ സഹായത്തോടെ കേരളം, കർണാടക, തമിഴ്നാട് അതിർത്തികളിലെ വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി. വയനാട്ടിൽ നിന്നും ആയുധങ്ങൾ സഹിതം പിടിയിലായ മാവോവാദി ബാണാസുര ഗ്രൂപ്പിൽപ്പെട്ട ചന്ദ്രു, ഉണ്ണിമായ എന്നിവരെ കൂടുതൽ ചോദ്യം ചെയ്താൽ മാവോവാദികളുടെ സഞ്ചാരപാതയും ഇവർക്ക് സഹായം നൽകുന്നവരെക്കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.
ആറളം, കൊട്ടിയൂർ, കണ്ണവം വനമേഖലകളും കർണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതവും പൊലീസിന്റെയും വനംവകുപ്പിന്റെയും നിരീക്ഷണത്തിലാണ്. മലയോരത്തെ വനമേഖലയോട് ചേർന്ന ഗ്രാമങ്ങളിലും ഇവർ സ്ഥിരമായി സാധനങ്ങളും മറ്റും വാങ്ങാൻ എത്താറുള്ള പ്രദേശങ്ങളിലും തണ്ടർബോൾട്ട് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.