ഇരിട്ടി: ആറുവർഷം മുമ്പ് പ്രളയത്തിൽ കുത്തിയൊഴുകിയ ആറളം പഞ്ചായത്തിലെ പരിപ്പുതോട് പാലത്തിന് പകരം പാലം നിർമിക്കാനുള്ള പ്രാരംഭ പ്രവൃത്തി തുടങ്ങി. നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്കൊടുവിലാണ് പാലം നിർമാണത്തിന് തുടക്കം കുറിച്ചത്. ഒരുവർഷത്തെ കരാർ കാലാവധിക്കുള്ളിൽ നിർമാണം പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
2018 ലെ പ്രളയത്തിലാണ് പരിപ്പുതോട് പൈപ്പ് പാലം തകർന്നത്. മരങ്ങളും മറ്റു അവശിഷ്ടങ്ങളും വന്നിടിച്ച് പാലം തകരുകയും തോടിന്റെ ഇരുവശങ്ങളിലെയും മണ്ണ് കുത്തിയൊഴുകി പോവുകയും ചെയ്തു. പാലത്തിന്റെ ഇരുവശത്തും ക്വാറി വേസ്റ്റ് നിറച്ചു ചപ്പാത്ത് പണിതു യാത്രാസൗകര്യം ഒരുക്കിയെങ്കിലും കാലവർഷം ശക്തമാകുമ്പോൾ ഇതിനു മുകളിലൂടെ വെള്ളം ഒഴുകി ഗതാഗതം തടസ്സപ്പെടുകയും വിയറ്റ്നാം പ്രദേശം ഒറ്റപ്പെടുകയും ചെയ്യുന്ന സാഹചര്യമായിരുന്നു. പ്രളയത്തിൽ പാലം തകർന്നതു മുതൽ പുതിയ പാലത്തിനായി പ്രദേശവാസികൾ മുറവിളി കൂട്ടുന്നുണ്ടെങ്കിലും സാങ്കേതിക പ്രതിസന്ധി മൂലം നീണ്ടു. വിയറ്റ്നാം എസ്.ടി കോളനിയിലെ 147 കുടുംബങ്ങളും 100 ഓളം പൊതുവിഭാഗം കുടുംബങ്ങളും കടുത്ത യാത്രാക്ലേശം അനുഭവിച്ചിരുന്നു.
സംസ്ഥാന സർക്കാർ 38 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് 37 ലക്ഷം രൂപയും ആറളം പഞ്ചായത്ത് 30 ലക്ഷം രൂപയും ചേർത്ത് 1.05 കോടി രൂപ വകയിരുത്തിയാണ് പുതിയ പാലം നിർമിക്കുന്നത്. 17 മീറ്റർ നീളവും എട്ടു മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. ഡിസംബർ 15 നാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഒരുവർഷമാണ് കരാർ കാലാവധിയെങ്കിലും മഴക്കാലത്ത് ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിനായി ആറുമാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.