ഇരിട്ടി: പായം പഞ്ചായത്തിലെ മേലെ പെരിങ്കരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പെരിങ്കരി നിവാസികൾ മാത്രമല്ല, മലയോരം ഒന്നടങ്കം ഭീതിയിലായി. ഞായറാഴ്ച പുലർച്ച 7.30ഓടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം. കാട്ടാന ഇറങ്ങിയ വിവരം അറിയാതെ പള്ളിയിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ദമ്പതികളായ മേലെ പെരിങ്കരിയിലെ ചെങ്ങഴശ്ശേരിയിൽ ജസ്റ്റിൻ, ഭാര്യ ജിനി ജസ്റ്റിൻ എന്നിവർക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. വീട്ടിൽനിന്ന് നൂറുമീറ്റർ അകലെ വെച്ചാണ് ആക്രമണമുണ്ടായത്. ഇരുവരെയും സമീപത്തെ തേക്കിൻ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.
കഴുത്തിലും നെഞ്ചിലും കൊമ്പ് കൊണ്ട് ആഴത്തിൽ മുറിവേറ്റ ജസ്റ്റിനെയും ഭാര്യയെയും നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇരിട്ടിയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജസ്റ്റിൻ വഴിക്കുവെച്ച് മരിച്ചു. സംഭവ സ്ഥലത്ത് രക്തം തളംകെട്ടിക്കിടക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്ക് കാട്ടാന പൂർണമായി തകർത്തു.
പെരിങ്കരി, മട്ടിണി, എരുത് കടവ്, പേരട്ട എന്നീ ജനവാസകേന്ദ്രങ്ങളിൽ ആദ്യമായിട്ടാണ് കാട്ടാന ഇറങ്ങുന്നത്. കാട്ടാനകൾ കാർഷിക വിളകൾക്ക് വ്യാപക നാശമാണ് വരുത്തിയത്. വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ടിപ്പർ ലോറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആനയുടെ കൊമ്പും അടർന്നുവീണു. ഭാഗ്യംകൊണ്ടാണ് കൂടുതൽ ആളുകൾ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം, സി.ഐ വിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറസ്റ്റ് അധികൃതരും സംഭവസ്ഥലത്തെത്തി.
കർണാടക ബ്രഹ്മഗിരിയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശങ്ങളിൽ കാട്ടാനകളെ തടയുന്നതിനായി പ്രതിരോധസംവിധാനങ്ങൾ ഒന്നുംതന്നെയില്ല. ഉളിക്കൽ, പായം പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന പ്രദേശം കാർഷിക മേഖലയാണ്. എങ്കിലും, വന്യമൃഗശല്യം താരതമ്യേന കുറഞ്ഞ മേഖലയാണിവിടം. അക്രമം കാട്ടി ഭീതിവിതച്ച കാട്ടാനയെ വനപാലകരും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിെൻറ ഫലമായി കൂട്ടുപുഴ വഴി കർണാടക വനത്തിലേക്ക് തുരത്തുകയായിരുന്നു. കാട്ടാന ഇനിയും വരുമെന്ന ഭീതിയിലാണ് നാട്ടുകാർ. അടിയന്തരമായും വനപാലകരുടെ നിരീക്ഷണം പ്രദേശത്ത് ഏർപ്പെടുത്തുക, ജനങ്ങളുടെ ഭീതിയകറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക, മരിച്ച ജസ്റ്റിെൻറ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾക്ക് നേരെ സർക്കാറിെൻറ ഇടപെടൽ വേണമെന്ന് സണ്ണി ജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി എന്നിവർ ആവശ്യപ്പെട്ടു. സംഭവസ്ഥലം തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ജസ്റ്റിെൻറ മൃതദേഹം പെരിങ്കരി പള്ളിസെമിത്തേരിയിൽ സംസ്കരിക്കും.
മനുഷ്യജീവന് വിലകല്പിക്കണം –അഡ്വ. മാര്ട്ടിന് ജോര്‍ജ്
കണ്ണൂര്‍: കാട്ടാനകള്‍ ജനവാസമേഖലകളിലിറങ്ങി ജനങ്ങളുടെ സ്വത്തിന് മാത്രമല്ല, ജീവനും ഭീഷണിയാകുന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് ഇരിട്ടി വള്ളിത്തോട് യുവാവിനെ കാട്ടാന കുത്തിക്കൊന്ന സംഭവമെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. മാര്ട്ടിന് ജോര്‍ജ് പറഞ്ഞു. കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്നത് തടയാന്‍ സൗരോർജ, വൈദ്യുതിവേലി ഉള്‍പ്പെടെ നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. ആനമതിലിൽ പ്രവൃത്തി പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. വിഷയത്തിൽ ജില്ല ഭരണകൂടവും വനംവകുപ്പും തികച്ചും നിഷ്ക്രിയമായ സമീപനമാണ് പുലര്‍ത്തിയത്. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി ഉണ്ടാകണം. കൊല്ലപ്പെട്ട ജസ്റ്റിെൻറ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ആശുപത്രിയില്‍ കഴിയുന്ന ജിനിയുടെ മുഴുവന്‍ ചികിത്സ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നും സംഭവസ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച അഡ്വ. മാര്ട്ടിന് ജോര്‍ജ് ആവശ്യപ്പെട്ടു.
'കാട്ടാന ആക്രമണം: കൊലക്കുറ്റത്തിന് കേസെടുക്കണം'
പേരാവൂർ: പെരിങ്കരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുകയും ഭാര്യക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വനംവകുപ്പിന് ഉത്തരവാദിത്തമുണ്ടെന്നും ഡി.എഫ്.ഒക്കും റേഞ്ചർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കേരള ഇൻറിപെൻഡൻറ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഉളിക്കൽ പൊലീസിൽ പരാതി നൽകി. വന്യമൃഗങ്ങളെ വനത്തിന് പുറത്തുപോകാതെ സംരക്ഷിക്കേണ്ട ചുമതല വനപാലകർക്കാണ്. കൃത്യവിലോപം നടത്തിയിട്ടുള്ള വനപാലകർക്കെതിരെ നടപടി ഉണ്ടാവണം. ജില്ല പ്രസിഡൻറ് ജിജി മുക്കാട്ടുകാവുങ്കലാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.