ഇരിട്ടി: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് രണ്ടേമുക്കാൽ പവൻ തൂക്കം വരുന്ന മൂന്നു സ്വർണവളകൾ കവർന്നതായി പരാതി. സംഭവത്തിൽ പൊലീസ് പരിശോധന ആരംഭിച്ചു. വിളമന ഗുരുമന്ദിരത്തിന് സമീപം കൈപ്പങ്ങാട്ട് കരിമ്പനോഴിയിൽ കെ.കെ സാവിത്രിയുടെ വീട്ടിലാണ് മോഷണം. ഇക്കഴിഞ്ഞ 11 നായിരുന്നു സംഭവം. തനിച്ചു താമസിക്കുന്ന വയോധികയായ സാവിത്രി സമീപം തൊഴിലുറപ്പു ജോലിക്കായി പോയ സമയത്താണ് മോഷണം. മൂന്നു സ്വർണവളകളും ചില്ലറ നാണയത്തുട്ടുകളും അടക്കം അടുക്കളയിൽ ഡപ്പിയിൽ ഇട്ട് മറ്റ് പാത്രങ്ങൾക്കുള്ളിൽ സൂക്ഷിച്ചതായിരുന്നു.
അടുക്കളയിലേക്ക് കയറുന്ന ഭാഗത്തെ ഗ്രിൽ പൂട്ടി താക്കോൽ രഹസ്യമായി വീടിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചതുമായിരുന്നു. ഈ താക്കോൽ കവർന്നാണ് മോഷ്ടാവ് ഗ്രിൽ തുറന്ന് അടുക്കളയിൽ കയറി ഡപ്പിയിൽ സൂക്ഷിച്ച വളകൾ കവർന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഗ്രിൽ തുറന്ന നിലയിൽ കണ്ടത് സംശയം തോന്നി ഡപ്പി പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. വിനോയിക്ക് നൽകിയ പരാതിയെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ഊർജിതമാക്കിയതായും പ്രതിയെ ഉടൻ പിടികൂടുമെന്നും ഇരിട്ടി എസ്എച്ച് ഒ കെ.ജെ വിനോയി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.