ഇരിട്ടി: ബേസ്ബാൾ ജില്ല പരിശീലനം നടക്കുന്ന മൈതാനത്തേക്ക് കൂറ്റൻ മരം കടപുഴകി വീണ് പരിശീലനത്തിൽ ഏർപ്പെട്ട ആറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. മുപ്പതോളം വിദ്യാർഥികളാണ് പരിശീലനത്തിൽ പങ്കെടുത്തിരുന്നത്. മരം കടപുഴകി വീഴുന്ന ശബ്ദം കേട്ട ഉടനെ ഇതിനു ചുവട്ടിലായി നിന്നിരുന്നവർ ഓടി മാറിയതിനാലാണ് വൻ ദുരിതം ഒഴിവായത്. മട്ടന്നൂർ ഹൈസ്കൂൾ വിദ്യാർഥികളായ കൗശിക്, ശ്രാവൺ, കൈലാസ്, എടൂർ ഹൈസ്കൂൾ വിദ്യാർഥികളായ അനഘ, ആന്റൺ, അനന്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനന്യ, കൗശിക് എന്നിവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ, ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ ചികിത്സ നൽകിയശേഷം എല്ലാവരെയും വിട്ടയച്ചു.
ഞായറാഴ്ച രാവിലെ 9.30തോടെ ആയിരുന്നു അപകടം. മലയോര മേഖലയിലെ പ്രധാന സ്പോർട്സ് പരിശീലന സ്ഥലവും ജില്ല സംസ്ഥാനതല മത്സരങ്ങൾ നിരന്തരം നടക്കാറുമുള്ള വള്ള്യാട് വയലിലാണ് അപകടം നടന്നത്. വിശാലമായ മൈതാനിയുടെ ഇരിട്ടി - എടക്കാനം റോഡ് കടന്നുപോകുന്ന ഭാഗത്ത് മൈതാനിയുടെ അരികിലായിനിന്നിരുന്ന കൂറ്റൻ തണൽ മരമാണ് വൻ ശബ്ദത്തോടെ കടപുഴകി വീണത്.
മരം മറിഞ്ഞു വീണ ഉടനെ അതിനടിയിൽ ആരെങ്കിലും പെട്ടിട്ടുണ്ടോ എന്നതും ആശങ്ക പടർത്തി. ഇരിട്ടി അഗ്നിശമനസേന സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മരത്തിനടിയിൽപെട്ട സ്കൂട്ടർ അഗ്നിശമനസേന മരച്ചില്ലകൾ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. സ്കൂട്ടറിന് കേടുപാടുകൾ പറ്റി.
ഞായറാഴ്ച കടപുഴകി വീണതുപോലുള്ള മരങ്ങൾ ഇനിയും വള്ള്യാട് വയലിനോട് ചേർന്നും വള്ള്യാട് - എടക്കാനം റോഡരികിലും നിരവധിയായുണ്ട്. ഇവയിൽ അപകടകരമായവ കണ്ടെത്തി എത്രയും പെട്ടെന്ന് അധികൃതർ മുറിച്ചു മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ പി. രഘു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.