ഇരിട്ടി: കൊട്ടിയൂർ പന്ന്യംമലയിൽ കടുവ കെണിയിൽ കുടുങ്ങി ചത്ത സംഭവത്തിൽ സ്ഥലമുടമക്കെതിരെ വനം വകുപ്പ് കേസെടുത്ത നടപടിയിൽ ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തിൽ ശക്തമായ പ്രതിഷേധം. കടുവ ജനവാസ മേഖലയിൽ ഇറങ്ങാൻ സാഹചര്യമുണ്ടായതിന് ജനങ്ങൾക്കെതിരെയല്ല, വനം ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുക്കേണ്ടതെന്നായിരുന്നു വിമർശനം.
വനം ഉദ്യേഗസ്ഥരുടെ ഉത്തരവാദിത്തവീഴ്ചയെക്കുറിച്ച അന്വേഷണമാണ് ആദ്യം വേണ്ടതെന്ന്, യോഗത്തിൽ അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. വന്യമൃഗ ശല്യത്തിനൊപ്പം നിയമയുദ്ധവും നടത്തേണ്ട സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്നും ശക്തമായ ജനകീയ പ്രതിഷേധം മേഖലയിൽനിന്ന് ഉണ്ടാകുമെന്നും യോഗത്തിൽ കോൺഗ്രസ് പ്രതിനിധി പി.സി. രാമകൃഷ്ണൻ പറഞ്ഞു. കൊട്ടിയൂർ റേഞ്ചിൽനിന്ന് ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനും വികസന സമിതി യോഗത്തിൽ പങ്കെടുക്കാത്തതിനെതിരെയും യോഗത്തിൽ ആക്ഷേപമുയർന്നു.
ആറളം ഫാമിൽനിന്ന് കുടിയിറക്കിയ 32ൽ 12 കുടുംബങ്ങൾക്ക് മാത്രമാണ് സ്ഥലം ലഭ്യമായതെന്നും ബാക്കിയുള്ളവർക്ക് ലഭ്യമാക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്നും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ആവശ്യപ്പെട്ടു. കുടുംബങ്ങൾക്ക് സ്ഥലമനുവദിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ തഹസിൽദാർ ഒരേരീതിയിലുള്ള മറുപടി ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഇവരുടെ അനന്തമായ കാത്തിരിപ്പിന് പരിഹാരമുണ്ടാകണമെന്ന് മുസ്ലിം ലീഗ് അംഗം ഇബ്രാഹിം മുണ്ടേരി ആവശ്യപ്പെട്ടു. കുടുംബങ്ങൾക്ക് നേരത്തേ കണ്ടെത്തിയ സ്ഥലങ്ങളിൽ ചിലത് വാസയോഗ്യമല്ലെന്ന് അറിയിച്ചതിനാൽ പുതിയ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ഭൂരേഖ വിഭാഗം തഹസിൽദാർ എം. ലക്ഷ്മണൻ യോഗത്തെ അറിയിച്ചു.
പഴശ്ശി പദ്ധതി പ്രദേശത്തെ കൈയേറ്റം കണ്ടെത്താൻ നടത്തുന്ന സർവേ ശാസ്ത്രീയമാക്കണമെന്ന് പി.കെ. ജനാർദനൻ ആവശ്യപ്പെട്ടു. ഈ വിഷയം ചർച്ച ചെയ്യുന്നതിന് 23ന് താലൂക്ക് ഓഫിസിൽ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു.
ബാരപ്പോൾ ജലവൈദ്യുത പദ്ധതി കനാലിലെ ചോർച്ചയിൽ നഷ്ടംസംഭവിച്ച കുടുംബങ്ങളുടെ വീടും സ്ഥലവും സർക്കാർ ഏറ്റെടുക്കണമെന്ന് പായം ബാബുരാജ് ആവശ്യപ്പെട്ടു. ജൽജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഉളിക്കൽ പഞ്ചായത്തിൽ ഇടുന്ന പൈപ്പുകൾ ഗുണനിലവാരം കുറഞ്ഞവയാണെന്ന പരാതി പരിശോധിക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എയുടെ പ്രതിനിധി തോമസ് വർഗീസ് ആവശ്യപ്പെട്ടു. മലയോര ഹൈവേ വികസനത്തിന്റെ പേരിൽ ആറളം പഞ്ചായത്തിൽ കുടിവെള്ള പൈപ്പുകൾ പൊളിച്ചത് നിരവധി പേരുടെ കുടിവെള്ളമാണ് മുട്ടിച്ചതെന്നും ജലക്ഷാമം രൂക്ഷമാവും മുമ്പ് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും വിപിൻ തോമസും തോമസ് തയ്യിലും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.