ഇരിട്ടി: നേരമ്പോക്ക് റോഡ് വികസിപ്പിക്കുന്നതിന് ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ നഗരസഭ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. ഒരു നൂറ്റാണ്ട് പഴക്കമുള്ള റോഡാണിത്. ഈ റോഡിൽ അകപ്പെടുന്നവർക്ക് 500 മീറ്റർ പിന്നിടാൻ ചിലപ്പോൾ മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ പെടേണ്ടി വരുന്ന അവസ്ഥയാണ് പലപ്പോഴും.
നേരമ്പോക്ക് റോഡ് വീതി കൂട്ടി നവീകരിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയർന്നു കേൾക്കുന്നതാണ്. ഈ റോഡിലെ കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങളും മിക്കതും നൂറുവർഷം വരെ പഴക്കമുള്ളതാണ്. ഇത്തരം കടകളുടെ വരാന്ത വരെ ടാറിങ് നടത്തിയാണ് ഇപ്പോൾ റോഡിലൂടെ ഗതാഗതം സാധ്യമാക്കുന്നത്.
രണ്ട് വലിയ വണ്ടികൾ വന്നാൽ കടന്നു പോകുക പ്രയാസമാണ്. അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള വാഹനങ്ങൾ ഈ വഴിയിലൂടെ കടന്നു പോകാൻ സാധിക്കതെ പലപ്പോഴും ചുറ്റിവളഞ്ഞ് കീഴൂർ വഴിയാണ് പോകുന്നത്. ഈ സാഹചര്യത്തിലാണ് ജനകീയ കൂട്ടായ്മയിലൂടെ റോഡിന്റെ വീതി വർധിപ്പിക്കാൻ നഗരസഭ മുന്നിട്ടിറങ്ങിയത്. നേരത്തേ ഏഴര മീറ്റർ വീതിയുണ്ടായിരുന്ന റോഡിന് ഇപ്പോൾ അഞ്ചു മീറ്റർ വരെ മാത്രമേ വീതിയുള്ളു
എന്ന് യോഗത്തിൽ ചിലർ ഉന്നയിച്ചു. 10 മീറ്റർ വീതിയിലേക്ക് റോഡ് സ്ഥലം ലഭ്യമാക്കാനാണ് സർവകക്ഷി യോഗത്തിൽ ധാരണ ആയിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ കെട്ടിട ഉടമകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും യോഗം വിളിക്കും. തുടർ പ്രവർത്തനങ്ങൾക്കായി സർവകക്ഷി കർമസമിതി രൂപവത്കരിച്ചു. നഗരസഭ അധ്യക്ഷ കെ. ശ്രീലത ചെയർമാനും മുൻ ചെയർമാൻ പി.പി. അശോകൻ കൺവീനറുമാണ്.
കെ. ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, വിവിധ കക്ഷി നേതാക്കളായ കെ.വി. സക്കീർ ഹുസൈൻ, മുൻ ചെയർമാൻ പി.പി. അശോകൻ, പി.എ. നസീർ, അഡ്വ. മാത്യു കുന്നപ്പള്ളി, ഇബ്രാഹിം മുണ്ടേരി, അഷറഫ് ചായിലോട്, വി.എം. പ്രശോഭ്, ബാബുരാജ് പായം, അജയൻ പായം, ജയ്സൺ ജീരകശേരി, ബാബുരാജ് ഉളിക്കൽ, ആർ. കെ. മോഹൻദാസ്, കൗൺസിലർമാരായ വി. പി. റഷീദ്, കെ.എ. നന്ദനൻ, പി.പി. ജയലക്ഷ്മി, കെ. മുരളീധരൻ, എ.കെ. ഷൈജു എന്നിവർ സംസാരിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.