ഇരിട്ടി: മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുന്നാട്- മീത്തലെ പുന്നാട് റോഡ് മെക്കാഡം ടാറിങ് പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കി. റോഡ് ശോച്യാവസ്ഥയിലും നവീകരണപ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിലും വൻ പ്രതിഷേധം ഉണ്ടായിരുന്നു. പുന്നാട് നിന്നും ഇരിട്ടിയിൽ എത്താതെ മീത്തലെ പുന്നാട് -കാക്കയങ്ങാട് വഴി പേരാവൂരിൽ എത്താനുള്ള സമാന്തര റോഡ് എന്ന നിലയിൽ നാട്ടുകാരുടെ പങ്കാളിത്തത്തോടെ വീതി കൂട്ടി നവീകരിക്കാനായിരുന്നു തീരുമാനം.
പൊതുമരാമത്ത് വകുപ്പ് ഇതിനായി മൂന്ന് വർഷം മുമ്പ് മൂന്ന് കോടി രൂപയും വകയിരുത്തി. നിർമാണം തുടങ്ങി പാതി വഴി പിന്നിട്ടപ്പോൾ സ്ഥലമെടുക്കുന്നതിൽ കുറച്ചുപേർ എതിർപ്പുമായി രംഗത്ത് എത്തി. ഈ ഭാഗം ഒഴിവാക്കി നിർമാണം തുടങ്ങിയെങ്കിലും ഒച്ചിന്റെ വേഗതയായിരുന്നു. കരാറുകാർ പണി ഉപേക്ഷിക്കേണ്ട തയാറെടുപ്പിലുമായിരുന്നു. രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിൽ നിർമാണം തുടങ്ങിയിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. കോടതി ഇടപെടലിനും നിരന്തര ചർച്ചകൾക്കും ഒടുവിൽ വീതി കൂട്ടൽ പ്രവൃത്തി പൂർത്തിയാക്കിയെങ്കിലും ടാറിങ് വൈകിയത് വൻ പ്രതിഷേധത്തിനിടയാക്കി.
പുന്നാട് ടൗൺ മുതൽ മീത്തലെ പുന്നാട് യു.പി സ്കൂൾ വരെയുള്ള ഒന്നര കിലോമീറ്ററോളം വരുന്ന ഭാഗം മാസങ്ങൾക്ക് മുമ്പ് ടാറിങ്ങിനായി പൊളിച്ചിട്ടിരുന്നു. റോഡ് പൂർണമായും തകർന്ന് കുണ്ടും കുഴിയുമായതോടെ കാൽനട യാത്രപോലും ദുഷ്കരമായി. സോളിങ് ചെയ്തെങ്കിലും ടാറിങ് പ്രവൃത്തി മന്ദഗതിയിലായി. വാഹനങ്ങൾ കടന്നുപോകുമ്പോൾ കരിങ്കൽ ചീളുകൾ ഇളകി തെറിച്ച് കാൽനട യാത്രക്കാർക്ക് പരിക്കേൽക്കുകയും വ്യാപാര സ്ഥാപനങ്ങൾക്ക് നാശമുണ്ടാകുന്നതും പതിവായിരുന്നു. സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവരാണ് ഏറെ ദുരിതമനുഭവിച്ചത്.
പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകൾ നഗരസഭ ഓഫിസ് ഉപരോധിച്ചു. നഗരസഭ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വീണ്ടും ടാറിങ് മുടങ്ങി. ചെയർപേഴ്സൻ ഉൾപ്പെടെ ഇടപെട്ടാണ് പ്രവൃത്തി പൂർത്തീകരിക്കാൻ നടപടിയുണ്ടാക്കിയത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും പോകുന്ന റോഡ് പൂർത്തിയായത് നാട്ടുകാർക്ക് ആശ്വസമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.