നീരൊഴുക്ക് ഉയർന്നു; പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ തുറന്നു

ഇരിട്ടി: വേനൽ മഴയിൽ സംഭരണിയിലേക്കുള്ള നീരൊഴുക്ക് ഉയർന്നതോടെ പഴശ്ശി പദ്ധതിയുടെ നാലു ഷട്ടറുകൾ ഭാഗികമായി തുറന്ന് അധികമായി ഒഴുകിയെത്തുന്ന വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിട്ടു. പദ്ധതിയുടെ മൊത്തം സംഭരണ ശേഷിയായ 26.52 മീറ്റർ മറികടക്കുമെന്ന ഘട്ടം എത്തിയതോടെയാണ് ബുധനാഴ്ച രാവിലെ പദ്ധതിയുടെ 16 ഷട്ടറുകളിൽ രണ്ടെണ്ണം അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തിയത്.

ഈ സമയത്ത് പദ്ധതിയിൽ 26.50 മീറ്റർ വെള്ളം ഉണ്ടായിരുന്നു. മൂന്ന് മണിക്കൂറിനു ശേഷം ജലവിതാനം നിരീക്ഷിച്ചപ്പോഴും സംഭരണയിൽ ഒരു സെന്റീമീറ്റർ വെള്ളംപോലും താഴ്ന്നില്ല. ഇതോടെ ഉച്ചക്ക് ഒരുമണിയോടെ പദ്ധതിയുടെ രണ്ടു ഷട്ടറുകൾ കൂടി അഞ്ച് സെന്റീ മീറ്റർ വീതം ഉയർത്തുകയായിരുന്നു. ഈ സമയത്തും പദ്ധതിയിൽ 26.50 മീറ്റർ വെള്ളംതന്നെ ഉണ്ടായിരുന്നു. രണ്ടു ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തി പുറത്തേക്കു വിട്ട വെള്ളത്തിന് ആനുപാതികമായി വെള്ളം പദ്ധതിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. ഇതിനെ തുടർന്നാണ് രണ്ട് ഷട്ടറുകൾ കൂടി അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തിയത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലും മേഖലയിൽ ശക്തമായ മഴ ലഭിച്ചതോടെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയായിരുന്നു. ഇതു പദ്ധതിയിൽ മൂന്നു മീറ്ററോളം ജലനിരപ്പ് ഉയരാൻ കാരണമായി. വർഷങ്ങൾക്കു ശേഷമാണ് പദ്ധതിയുടെ ഷട്ടർ മേയ് ആദ്യവാരം തന്നെ തുറക്കേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ന്യുനമർദം കാരണം ചുഴലിക്കാറ്റും മഴയും ഉണ്ടാകുമെന്ന കാലാവസ്ഥമുന്നറിയിപ്പിനെ തുടർന്ന് പദ്ധതിയുടെ ഷട്ടർ മുൻകരുതൽ എന്ന നിലയിൽ മേയ് 15ന് തുറന്നിരുന്നു. എന്നാൽ, മഴ ഇല്ലാതിരുന്നതിനാൽ തുറന്ന ഷട്ടർ ഉടൻ തന്നെ അടക്കുകയും ചെയ്തു.

Tags:    
News Summary - shutters of Pazhassi Dam opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.