ഇരിട്ടി: കടുത്ത വേനലും ഉഷ്ണക്കാറ്റും കാരണം വറ്റിവരളുന്ന പുഴകൾ നൽകുന്നത് ഭാവിയുടെ ശുഭ സൂചനകളല്ല. ഉത്ഭവ സ്ഥാനത്ത് നീരൊഴുക്ക് നന്നേ കുറയുകയും ചിലയിടങ്ങളിൽ ഭാഗികമായും മറ്റിടങ്ങളിൽ പൂർണമായും വറ്റിവരണ്ട പുഴകൾ കല്ലുകളും മണലും മരത്തടികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇവ നീക്കാത്തപക്ഷം വേനലിനു ശേഷം വന്നെത്തുന്ന കാലവർഷത്തെ അതിജീവിക്കാൻ ഈ പുഴകൾക്കാകുമോ എന്നതും പുഴകൾ ഗതിമാറി ഒഴുകി മറ്റൊരു പ്രളയത്തിലേക്ക് മലയോരത്തെ കൊണ്ടെത്തിക്കുമോ എന്നതും ചോദ്യമായി തുടരുകയാണ്.
ബാവലി, ബാരാപോൾ പുഴകൾ അതിന്റെ ഉത്ഭവ സ്ഥാനത്ത് നീരൊഴുക്ക് കുറഞ്ഞു വറ്റിവരളുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. പുഴ ഒഴുകുന്ന പ്രധാന പ്രദേശങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്.
പലയിടങ്ങളിലും തടയണ സ്ഥാപിച്ച് വെള്ളം കെട്ടിനിർത്തി സംരക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കിയെങ്കിലും കനത്തചൂടും നീരൊഴുക്ക് കുറഞ്ഞതും ഇതിന് തടസമായി. ഇതുമൂലം പുഴയെ ആശ്രയിച്ചു കഴിയുന്നവരും പ്രയാസത്തിലായി.
കാലവർഷം കനക്കുന്നത്തോടെ പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്ന ആളുകൾ കനത്ത ഭീതിയിലാകും. നല്ല താഴ്ചയിൽ ഒഴുകികൊണ്ടിരുന്നതിനാൽ മുമ്പ് പുഴകളിലെ ആഴം ആർക്കും പ്രവചിക്കാൻ പോലും കഴിയില്ലായിരുന്നു. കർണാടക മലനിരകളിൽ ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോഴും കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോഴും പ്രളയജലം ഒഴുകിപോയത് മലയോരത്തെ രണ്ടു പ്രധാന പുഴകളായ ബാരാ പോൾ, ബാവലി പുഴകളിലൂടെയാണ്.
ഇതോടെ മണലും എക്കലും കല്ലും മരത്തടികളും എല്ലാം വന്നടിഞ്ഞ് പുഴകൾ നിരന്നു. പല ഭാഗങ്ങളിലും തുരുത്തുകൾ തന്നെ രൂപപ്പെട്ടു. പുഴയുടെ ഒഴുക്ക് തന്നെ ഗതിമാറിയ അവസ്ഥയുമുണ്ടായി. ഇതോടെ പുഴയുടെ ഇരു ഭാഗങ്ങളിലുമുള്ള താമസക്കാരുടെ സ്ഥലങ്ങൾ പുഴയെടുത്തു. പല വീടുകളും നിലംപൊത്തി. ഇപ്പോൾ അടുത്ത കാലങ്ങളിലായി കാണുന്ന പുതിയ കാഴ്ചയാണിത്.
ഒരിക്കലും വെള്ളം കയറില്ലെന്ന് പ്രതീക്ഷിച്ച സ്ഥലങ്ങളിൽ പോലും വെള്ളം കയറി കൃഷികളും മറ്റും നശിച്ചുപോയി. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി വന്ന മാറ്റങ്ങൾ കടുത്ത ചൂടും മഹാമാരിയും സമ്മാനിച്ച് മറ്റൊരു പ്രളയത്തിലേക്ക് തള്ളിവിടാനുള്ള സാധ്യതയും വലുതാണ്.
പുഴയിൽ അടിഞ്ഞുകൂടിയ മണലും കല്ലുകളും മരത്തടികളും എല്ലാം മാറ്റി പുഴയുടെ ഒഴുക്ക് സുഗമമാക്കേണ്ടതുണ്ട്. കാലവർഷത്തിന് ഒന്നരമാസം മാത്രം ശേഷിക്കെ അതിനുള്ള നടപടികൾ ആരംഭിച്ചില്ലെങ്കിൽ നാം പ്രതീക്ഷിക്കുന്നതിലും വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.